സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം: ചെയർമാനെയും സെക്രട്ടറിയെയും മാറ്റി കേന്ദ്രത്തിന്റെ കടുത്ത നടപടി

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം: ചെയർമാനെയും സെക്രട്ടറിയെയും മാറ്റി കേന്ദ്രത്തിന്റെ കടുത്ത നടപടി

ഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റി. ഇതിന് പുറമെ, പരീക്ഷാ ഫല നിർണയത്തിൽ വലിയ അപാകതകൾക്ക് കാരണമായെന്ന് ആക്ഷേപമുയർന്ന ‘ഓൺ സ്ക്രീൻ മാർക്കിങ്’ സംവിധാനത്തെക്കുറിച്ച് സമഗ്രമായ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഈ അടിയന്തര നടപടി. പുനർമൂല്യനിർണയത്തിൽ വലിയ രീതിയിലുള്ള മാർക്ക് വ്യത്യാസങ്ങളും പിഴവുകളും കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.

പ്രധാന നടപടികൾ ഒറ്റനോട്ടത്തിൽ:

സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ തൽസ്ഥാനങ്ങളിൽ നിന്ന് അടിയന്തരമായി നീക്കി. ഫലപ്രഖ്യാപനത്തിനും മൂല്യനിർണയത്തിനും ഉപയോഗിച്ച ഓൺ സ്ക്രീൻ മാർക്കിങ് രീതിയെക്കുറിച്ച് വിപുലമായ അന്വേഷണം പ്രഖ്യാപിച്ചു.

വിഷയം അതീവ ഗൗരവമുള്ളതായതിനാൽ ഒരു മാസത്തിനകം തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

അന്വേഷണ ചുമതല എസ്. രാധാ ചൗഹാന്

നിലവിൽ കപ്പാസിറ്റി ബിൽഡിങ് കമ്മീഷൻ ചെയർപേഴ്സണായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ എസ്. രാധാ ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് ആഭ്യന്തര അന്വേഷണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. മൂല്യനിർണയത്തിൽ എവിടെയാണ് വീഴ്ച സംഭവിച്ചതെന്നും, സോഫ്റ്റ്‌വെയർ അല്ലെങ്കിൽ സാങ്കേതിക പിഴവുകൾ ഇതിന് പിന്നിലുണ്ടോ എന്നും സമിതി പരിശോധിക്കും. വരും ദിവസങ്ങളിൽ സിബിഎസ്ഇയുടെ പരീക്ഷാ വിഭാഗത്തിൽ കൂടുതൽ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് സൂചന.

Share Email
LATEST excelnclexrn
More Articles
Top