ലോകത്തെ കടലിന്റെ അടിത്തട്ടില്‍ ഇരുട്ട് വ്യാപിക്കുന്നുവെന്ന് പഠനം

ലോകത്തെ കടലിന്റെ അടിത്തട്ടില്‍ ഇരുട്ട് വ്യാപിക്കുന്നുവെന്ന് പഠനം

ലണ്ടന്‍: ആഗോള വ്യാപകമായി കടലിന്റെ അന്തര്‍ഭഗങ്ങളില്‍ ഇരുട്ട് വ്യാപിക്കുന്നുവെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ സമുദ്രത്തിനുള്ളിലേക്ക് സൂര്യപ്രകാശത്തിന്റെ കടന്നുവരവ് ഗണ്യമായി കുറഞ്ഞതിനെ ‘ഓഷ്യന്‍ ഡാര്‍ക്കനിംഗ്’ എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമൗത്ത് ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ‘ഗ്ലോബല്‍ ചേഞ്ച് ബയോളജി’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഉള്ളിലേക്ക് പ്രകാശത്തിന് കടന്നുപോകാന്‍ കഴിയാതെ വരുമ്പോഴാണ് ‘ഓഷ്യന്‍ ഡാര്‍ക്കനിംഗ്’ സംഭവിക്കുന്നത്. സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് ആവശ്യത്തിന് പ്രകാശം ലഭിക്കുന്ന ഭാഗത്തെ ഫോട്ടിക സോണ്‍ എന്ന് പറയുന്നു. സമുദ്രത്തിലെ 90 ശതമാനം ജീവികളും ഫോട്ടിക സോണിലാണ് വസിക്കുന്നത്. സമുദ്രത്തിലെ ജൈവ-രാസ ചക്രങ്ങളെ നിലനിര്‍ത്തുന്നതിന് ഈ പ്രകാശസാന്നിധ്യം വളരെ പ്രധാനമാണ്. 2003 നും 2022 നും ഇടയില്‍ ആഗോള മഹാസമുദ്രത്തിന്റെ 21% ഭാഗവും ഇരുണ്ടതായി മാറിയെന്ന് ഈ പഠനം കണ്ടെത്തി.

കടല്‍പായലുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടായ മാറ്റങ്ങളുമാണ് സമുദ്രത്തില്‍ ഇരുട്ട് കൂടുന്നതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. തീരപ്രദേശങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വലുപ്പമുള്ള സമുദ്രത്തിന്റെ 9 ശതമാനത്തിലധികം ഭാഗങ്ങളില്‍ ഫോട്ടിക സോണിന്റെ ആഴം 164 അടി (50 മീറ്റര്‍) കുറഞ്ഞതായി പഠനം കണ്ടെത്തി. കൂടാതെ, സമുദ്രത്തിന്റെ 2.6 ശതമാനം ഭാഗങ്ങളില്‍ ഫോട്ടിക സോണില്‍ 328 അടി (100 മീറ്റര്‍) വരെ കുറവുണ്ടായി.

ഗള്‍ഫ് സ്ട്രീം, ആര്‍ട്ടിക്, അന്റാര്‍ട്ടിക് പ്രദേശങ്ങളിലാണ് ഫോട്ടിക സോണിന്റെ ആഴത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ നിരീക്ഷിക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം ഈ പ്രദേശങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. തീരപ്രദേശങ്ങളിലും ബാള്‍ട്ടിക് കടലിലും ഓഷ്യന്‍ ഡാര്‍ക്കനിംഗ് വലിയ തോതില്‍ കണ്ടുവരുന്നു. എന്നാല്‍, ഇത് തീരപ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. കടല്‍ത്തീരത്ത് നിന്ന് ദൂരെയുള്ള സമുദ്രത്തിന്റെ വിശാലമായ പ്രദേശങ്ങളിലും ഇതിന്റെ സ്വാധീനം കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

Ocean darkening is increasing worldwide

Share Email
LATEST
Top