വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്കണമെന്ന ആവശ്യവുമായി റിപ്പബ്ലിക്കന്‍ എംപിമാര്‍ രംഗത്ത്. ഇസ്രയേല്‍- ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളേയും സമാധാനത്തിലേക്ക് നയിക്കാനും ട്രംപിനു കഴിഞ്ഞ സാഹചര്യത്തില്‍ ട്രംപിനു നൊബേല്‍ സമ്മാനം നല്കി ആദരിക്കണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എംപിമാര്‍ ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ട്രംപ് ഇടപെട്ടെന്നും ഇതില്‍ ട്രംപിന് നൊബേല്‍ സമ്മാനം നല്കണമെന്നു പാക്ക് പ്രധാനമന്ത്രി ആഴ്ച്ചകള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് നൊബേല്‍ സമ്മാനം അവര്‍ തരില്ലെന്നായിരുന്നു ഇതിനുള്ള ട്രംപിന്റെ മറുപടി.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ട്രംപിന് നൊബേല്‍ പുരസ്‌കാരം ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളത്.ഇതിനിടെ ഇറാനില്‍ ഭരണമാറ്റം ആവശ്യമില്ലെന്ന നിലപാട് ട്രംപ് വ്യക്തമാക്കി. നിലവിലെ ഭരണ നേതൃത്വം മാറണമെന്ന ഇസ്രയേല്‍ നിലപാടിനു വ്യത്യസ്ഥമായ നിലപാടാണ് ട്രംപ് കൈക്കൊണ്ടിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാന്‍ ശ്രമിച്ചാല്‍ വന്‍ അസ്സ്ഥിരതകള്‍ക്ക് വഴിതുറക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ പൂര്‍ണമായി പാലിക്കാന്‍ ഇരുരാജ്യത്തോടും അദ്ദേഹം അഭ്യര്‍ഥിച്ചു.
അതിനിടെ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായ ഇന്നലെ ഫോണില്‍ സംസാരിച്ചു. ഖത്തര്‍ ഇറാന്റെ സഹോദര അയല്‍രാജ്യമായി തുടരുമെന്ന് പെസെഷ്‌കിയാന്‍ പറഞ്ഞു. പരസ്പരം പരമാധികാരം മാനിക്കുന്ന രാജ്യങ്ങളായി ഇറാനും ഖത്തറും തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, തിങ്കളാഴ്ച അല്‍ ഉദെയ്ദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തിലുള്ള അതൃപ്തി അല്‍ താനി അറിയിച്ചു. സംഭവത്തില്‍ പെസെഷ്‌കിയാന്‍ ഖേദം പ്രകടിപ്പിച്ചു. ഖത്തറിനെയോ അവിടത്തെ ജനങ്ങളെയോ ലക്ഷ്യമിട്ടല്ല ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.
Republican MPs demand Nobel Prize for Trump