ന്യൂഡൽഹി: ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യക്കാരൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സോവിയറ്റ് യൂണിയൻ സഹകരണത്തിൽ 1982 ൽ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശർമയ്ക്ക് ശേഷം 41 വർഷങ്ങൾക്ക് ശേഷം ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.
140 കോടി ഇന്ത്യക്കാരുടെ മനസിൽ ശുഭാംശു ശുക്ല ഉണ്ടെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു. താൻ സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ശുഭാംശു തന്റെ യാത്ര എല്ലാ ഇന്ത്യക്കാരുടേത് കൂടിയാണെന്നും പ്രതികരിച്ചു. ബഹിരാകാശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്നും ശുഭാംശു പ്രധാനമന്ത്രിയെ അറിയിച്ചു.
ബഹിരാകാശ യാത്ര സംബന്ധിച്ച തന്റെ അനുഭവങ്ങൾ പങ്കുവച്ച ശുഭാംശു ബഹിരാകാശത്ത് നിന്നുള്ള കാഴ്ചയിൽ ഭൂമിക്ക് അതിരുകളില്ലെന്നായിരുന്നു പ്രധാമന്ത്രിയോട് പ്രതികരിച്ചത്. ” പുറത്ത് നിന്നുമുള്ള കാഴ്ചയിൽ ഭൂമി ഒന്നാണ്. ഇവിടെ നിന്നും അതിർത്തികൾ കാണുന്നില്ല. രാജ്യങ്ങളും സംസ്ഥാനങ്ങളും ഇല്ല എന്ന് തോന്നും. നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്, ഭൂമി നമ്മുടെ ഒരു വീടാണ്, നമ്മളെല്ലാവരും അതിലുണ്ട്. ബഹിരാകാശത്ത് നിന്നും ഇന്ത്യയുടെ ആദ്യ കാഴ്ച ഗംഭീരമായിരുന്നു. ഭൂപടത്തിൽ കാണുന്നതിനേക്കാൾ വലുതാണ് നമ്മുടെ രാജ്യം. എന്നും ശുഭാംശു അറിയിച്ചു.
ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി 14 ദിവസം ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്ത് ചെലവിടും. ഇതിനിടെബഹിരാകാശ നിലയത്തിൽ ഏഴ് പരീക്ഷണങ്ങൾ ആണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് തരം വിത്തുകളുടെ മുളയ്പ്പിക്കൽ. മൈക്രോ ആൽഗകളുടെ ജനിതക പ്രവർത്തനം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
Shubhamshu Shukla interacts with PM Modi from space