വാഷിംഗ്ടണ്‍: മാസങ്ങളായി ഇറാനുമായി തുടരുന്ന സംഘര്‍ഷത്തില്‍ യുഎസില്‍ നിന്നു തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരേ നടത്തുന്ന യുദ്ധത്തിനെതിരേ അമേരിക്കന് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രമേയം പാസായി. . ഇറാനെതിരായ യുദ്ധനടപടികള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട വാര്‍ പവേഴ്‌സ് റെസല്യൂഷന്‍ പ്രമേയമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചില അംഗങ്ങളുടെ കൂടി പിന്തുണയോടെ പാസാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിര്‍ദേശം.
208 നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം വോട്ട് ചെയ്തു .വരീണ്‍ ഡേവിഡ്‌സണ്‍, ബ്രയിന്‍ ഫിച്ച്പാട്രിക്, ടോം ബാരറ്റ്, തോമസ് മാസി എന്നീ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലിച്ചു. പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വെക്കും. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ അമേരിക്കന്‍ സൈന്യം ഇറാനെയോ അതിന്റെ സൈനിക-സര്‍ക്കാര്‍ സംവിധാനങ്ങളെയോ ലക്ഷ്യമിട്ട് നടത്തുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. നിലവിലെ പ്രമേയം കണ്‍കന്റ് റസല്യൂഷന്‍ ആയതിനാല്‍ സെനറ്റ് അംഗീകരിച്ചാലും നിയമപരിരക്ഷ ഉണ്ടാവില്ല.
യുദ്ധം ആരംഭിച്ചതിന് ശേഷം ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച ഇറാന്‍ യുദ്ധാധികാര പ്രമേയം സഭയില്‍ വോട്ടെടുപ്പിന് വരുന്നത് ഇത് നാലാം തവണയാണ്. മുമ്പുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. മെയ് 14-ന് സമാനമായ ഒരു പ്രമേയം സമനില വോട്ടിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.
എന്നാല്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പ്രമേയം പാസായതിനെ നിസ്സാരവല്‍ക്കരിക്കുകയും, ചില റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ അസാന്നിധ്യമാണ് ഇതിന് കാരണമായതെന്ന് വാദിക്കുകയും ചെയ്തു.
Trump suffers major setback from within the United States in the Iran war: US House of Representatives passes resolution against the president















