ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേക്ക്. തങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ‘സ്വയംരക്ഷയ്ക്കായുള്ള നീക്കം’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ വാദത്തെ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ രംഗത്തെത്തി. അമേരിക്കയുടേത് വെടിനിർത്തൽ കരാറിന്റെ ലംഘനവും നഗ്നമായ അധിനിവേശവും യുദ്ധപ്രഖ്യാപനവുമാണെന്ന് ഇറാൻ ആരോപിച്ചു.
ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ പ്രസ്താവനയിൽ അമേരിക്കയെ മാത്രമല്ല, പ്രാദേശിക രാജ്യങ്ങളായ കുവൈറ്റിനെയും ബഹ്‌റൈനെയും പേരെടുത്ത് പറഞ്ഞ് കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്ത് നിന്ന് ഇറാന് നേരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് സൗകര്യമൊരുക്കുന്ന ഏതൊരു പ്രാദേശിക രാജ്യവും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അത്തരം രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെയോ എയർബേസുകളെയോ ലക്ഷ്യമിട്ട് കൃത്യമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ ഭീഷണി.
ഹോർമുസ് കടലിടുക്കിൽ ഉണ്ടായിരുന്ന ഇറാന്റെ ഒരു എണ്ണക്കപ്പലിന് നേരെയും, ഖേഷ്മം ദ്വീപിലെ കമ്മ്യൂണിക്കേഷൻ കേന്ദ്രത്തിന് നേരെയും അമേരിക്ക ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. ഇതിന് പ്രതികാരമായി ബുധനാഴ്ച (ജൂൺ 3) പുലർച്ചെ ബഹ്‌റൈൻ ആസ്ഥാനമായുള്ള യു.എസിന്റെ അഞ്ചാം നാവികപ്പടയുടെ എയർബേസിന് നേരെയും ഹെലികോപ്റ്ററിന് നേരെയും ഐ.ആർ.ജി.സി ശക്തമായ തിരിച്ചടി നൽകി.
ഇറാൻ അതിന്റെ സാമ്പത്തിക മേഖല നിലനിർത്താൻ പൂർണ്ണമായും ആശ്രയിക്കുന്ന ഹോർമുസ് കടലിടുക്കിലെ സമുദ്രയാത്രകൾക്ക് നേരെയാണ് അമേരിക്കൻ അധിനിവേശം ഉണ്ടായിരിക്കുന്നത്. ഇറാനിയൻ സമുദ്രാതിർത്തിക്കുള്ളിൽ വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നും ഇത് തങ്ങളുടെ തന്ത്രപ്രധാനമായ കപ്പൽ ഗതാഗതത്തെ തകർക്കാനുള്ള നീക്കമാണെന്നും ഇറാൻ ആരോപിക്കുന്നു. ഇരുവിഭാഗവും കടുത്ത ഭാഷയിലുള്ള വെല്ലുവിളികളും ആക്രമണങ്ങളും തുടരുന്നതോടെ മേഖലയിൽ യുദ്ധസാഹചര്യം വരും ദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















