കുവൈറ്റ് സിറ്റി: നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറുകളെ പൂർണ്ണമായി ലംഘിച്ചുകൊണ്ട്, സമീപകാലത്തെ ഏറ്റവും ശക്തവും വിനാശകരവുമായ വ്യോമാക്രമണത്തിന് കുവൈറ്റ് സാക്ഷ്യം വഹിച്ചതോടെ മേഖല ഭീതിയിൽ. ഇറാനിൽ നിന്ന് കുവൈറ്റിനെ ലക്ഷ്യമാക്കി 13 ബാലിസ്റ്റിക് മിസൈലുകളും 17 അത്യാധുനിക ഡ്രോണുകളുമാണ് ഒരേസമയം തൊടുത്തുവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായതിന് സമാനമായ അതിശക്തമായ ആക്രമണമാണിത്. ഇത് കുവൈറ്റിൽ മാത്രമല്ല, ഒട്ടാകെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലും വലിയ സുരക്ഷാ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ തവണ ഒന്നാം വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പും കുവൈറ്റിന് നേരെ ഇറാൻ കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇപ്പോൾ വീണ്ടും കുവൈറ്റിനെ ലക്ഷ്യമിട്ട് ഇറാൻ ഇത്രയും വലിയ സൈനിക നീക്കം നടത്തിയത് ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. രാജ്യത്തെ പ്രധാന യാത്രാ-സാമ്പത്തിക കേന്ദ്രമായ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഈ ആക്രമണത്തെ മറ്റ് ജി.സി.സി രാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
ഈ മേഖലയിൽ സർവീസ് നടത്തുന്ന എല്ലാ ഗൾഫ് എയർലൈനുകളും വിമാനത്താവളങ്ങളും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടുത്ത 24 മണിക്കൂർ അതീവ ജാഗ്രതയോടെ നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മേഖലയിലെ വ്യോമഗതാഗത സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ഇറാന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതികരണങ്ങൾ ജി.സി.സി രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















