വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത പ്രകോപനങ്ങളും ആക്രമണങ്ങളും തുടരുമ്പോഴും, മേഖലയിലെ താൽക്കാലിക വെടിനിർത്തൽ കരാർ എങ്ങനെയെങ്കിലും നിലനിർത്താനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും ട്രംപ് ഭരണകൂടം തീവ്രശ്രമം നടത്തുന്നതായി റിപ്പോർട്ട്. വെടിനിർത്തൽ കരാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് സമ്മതിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒട്ടും തയ്യാറാകുന്നില്ല. കാരണം, കരാർ തകർന്നാൽ മുൻപ് താൻ മുന്നറിയിപ്പ് നൽകിയതുപോലെ അമേരിക്കൻ സൈന്യത്തിന് നേരിട്ട് യുദ്ധക്കളത്തിൽ ഇറങ്ങേണ്ടി വരും എന്നതുതന്നെയാണ് ട്രംപിനെ പിന്നോട്ട് വലിപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയമായും നയതന്ത്രപരമായും വലിയൊരു പ്രതിസന്ധിയിലാണ് ഡൊണാൾഡ് ട്രംപ്. ഒരു വശത്ത്, വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സമാധാന ചർച്ചകൾ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആവർത്തിച്ച് അവകാശപ്പെടുന്നു. എന്നാൽ മറുവശത്ത്, ഇറാന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന ഭീഷണിയും യു.എസ് ഉയർത്തുന്നുണ്ട്.
അമേരിക്കൻ സൈന്യത്തെ വീണ്ടും പശ്ചിമേഷ്യയിൽ ഒരു നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിക്കുന്നത് യുഎസിലെ പൊതുജനങ്ങൾക്ക് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ്. വരാനിരിക്കുന്ന ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം ഒരു സൈനിക നീക്കം ട്രംപിന് വലിയ തിരിച്ചടിയുണ്ടാക്കും. ഈ രാഷ്ട്രീയ നാശനഷ്ടം ഒഴിവാക്കാൻ ചർച്ചകളിലൂടെയും നയതന്ത്ര സമ്മർദ്ദങ്ങളിലൂടെയും പ്രതിസന്ധി പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ കുവൈറ്റിലും യു.എ.ഇയിലും ഉണ്ടായ പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഈ ‘വെടിനിർത്തൽ നാടകം’ എത്രനാൾ മുന്നോട്ട് കൊണ്ടുപോകാൻ ട്രംപിന് സാധിക്കുമെന്ന ചോദ്യം അന്താരാഷ്ട്ര നിരീക്ഷകർ ശക്തമായി ഉയർത്തുന്നുണ്ട്.













