കാരൂർ സോമൻ (ചാരുംമൂടൻ)
മനുഷ്യ മനസ്സിൽ കുഴിച്ചു മൂടി കിടന്ന മതഭൂത സംസ്കാരം വീണ്ടും “ജാനകി” എന്ന സിനിമാപേരിൽ മുളപൊട്ടി വന്നിരിക്കുന്നു. ഗൂഗിൾ വഴി കഥ കവിത രചിക്കുന്ന അഭിനവ എഴുത്തുപോലെയല്ല ഒരു സിനിമയുടെ നിർമ്മിതി. താല കമ്മിഷൻ കണ്ടെത്തലുകൾ എവിടെയെന്ന് ചോദിക്കുമ്പോഴും സിനിമ നിർമ്മിതി എത്രയോ സങ്കീർണ്ണമാണ്, എത്രയോ പേരുടെ കഷ്ട നഷ്ടങ്ങളുടെ കണക്കാണ് അതിലുള്ളത്. ഇതൊക്കെ കുഞ്ഞിളം കുളിരിൽ മട്ടുപ്പാ വുകളിലിരുന്ന് സുഗന്ധം നുകരുന്ന പാവങ്ങളുടെ നികുതിപ്പണം കൊണ്ട് കൊഴുത്തുതടിക്കുന്ന ദിവ്യർക്കറിയില്ല. കഥ ആസ്വദിക്കാനുള്ള മനുഷ്യൻറെ തീവ്രതയെ കിരാതമായ മതമൗലിക സദാചാര ആക്രമണത്തിലൂടെ അടിച്ചേൽപ്പിക്കാൻ സിനിമാ സെൻസർ ബോർഡ് ശ്രമിക്കുന്നത് യഥാർത്ഥ സിനിമയുടെ അകപ്പൊരുളറിയാത്തതുകൊണ്ടാണ്. ഫ്രഞ്ച് സഹോദരന്മാരായ ഓഗസ്റ്റ്-ലൂയി ലൂമിയർമാർ കണ്ടുപിടിച്ച സിനിമ അതിവിശാലമായ ലോകത്ത് നിർഭയമായി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വളരെ കരുത്തോടും കരുതലോടെടുത്ത് “ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള” എന്ന സിനിമയുടെ പേര് മാറ്റാൻ വിചിത്ര ഭാസുരമായ “വിലക്ക്” ഏർപ്പെടുത്തിയത്.
മതഭ്രാന്ത് ഏറ്റവും കൂടുതലുള്ള കേരളത്തിൽ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആർക്കാണും വേണ്ടി ഓക്കാനിക്കുന്ന ചില സെൻസർ ബോർഡ് അംഗങ്ങൾക്ക് കലയുടെ യഥാർത്ഥ സൗന്ദര്യമറിയണമെന്നില്ല. അധികാരത്തിലിരിക്കുന്നവരാണ് ഈ കൂട്ടരെ ഇതുപോലുള്ള ഓരോരോ സ്ഥാപനങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. അതിനു മുൻപ് തന്നെ പൂജകൾ നടത്തിയിരിക്കും. സിനിമയിലെ നായിക ജാനകി ധാരാളം പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ്. ഇനിയും നായകനുമായി ഇണ ചേർന്നോ എന്ന് കൂടി അന്വേഷിക്കുമോ? ഇത് ദേവാസുരന്മാരുടെ കഥയല്ല. കഴുതക്കറിയുമോ കർപ്പൂര ഗന്ധം?
ഒരു സിനിമയുടെ ആഴവും അഴകും തിരിച്ചറിയുന്നത് പേരിലാണോ? കോടതിയും ചോദിച്ചു. ഈ പേരിൽ എന്താണിരിക്കുന്നത്? ലോകത്തിലെ മികച്ച സാഹിത്യ ശില്പികൾ ശക്തമായ പ്രമേയത്തിലൂടെയാണ് തിരക്കഥകൾ രചിക്കാറുള്ളത്. മലയാളത്തിലെ തോപ്പിൽ ഭാസി, എം.ടി, പി.പത്മരാജൻ തുടങ്ങി പലരും തിരക്കഥയുടെ പേരിൽ തന്നെ അറിയപ്പെട്ടവരാണ്. ഒരു തിരക്കഥാകൃത്തിൻറെ സ്വാതന്ത്ര്യമാണ് കഥാപാത്രത്തിന് എന്ത് പേര് കൊടുക്കണമെന്നുള്ളത്. അത് കേരള സിനിമാ സെൻസർ ബോർഡിന്റെ കാഴ്ചപ്പാടിനനുസരിച്ചോ, കണ്ണാടിപ്പുറത്തിരുന്ന് തീരുമാനിക്കുന്നതോ അല്ല. ഇങ്ങനെ കെട്ടുറപ്പുള്ള നല്ലൊരു സിനിമയുടെ പേരിൽ കൈകടത്തുന്നവർ സിനിമയുടെ ചിത്രീകരണ രീതിക്കും, വസ്ത്രം, പാർപ്പിടം, ഭക്ഷണം ഇവിടെയെല്ലാം നുഴഞ്ഞു കയറുമോ? സിനിമയുടെ അസംസ്കൃത വസ്തുവായ കഥകൂടി സെൻസർ ചെയ്തു കൊടുക്കുമോ?
കേരളത്തിലെ അന്ധവിശ്വാസികളുടെ വിഗ്രഹങ്ങൾ പൊട്ടിച്ചെറിഞ്ഞ എത്രയോ ചലച്ചിത്ര സാഹിത്യ സൃഷ്ടികൾ കേരളത്തിലുണ്ട്. ഒരു ഉദാഹരണം എം.ടി യുടെ ചലച്ചിത്രം “നിർമ്മാല്യം” ദേവിയുടെ വിഗ്രഹത്തിൽ വെളിച്ചപ്പാട് കാർക്കിച്ചു തുപ്പിയത് കണ്ടില്ലേ? അന്നാരും വൈകാരികമായി രംഗത്ത് വന്നില്ല. കാരണം അന്ന് അധികാരികൾ മതങ്ങൾക് അടിമകളായിരുന്നില്ല. അദ്ദേഹത്തിന്റെ “നാലുകെട്ട്”. അതിലെ അപ്പുണ്ണി എന്ന കഥാപാത്രം ഭഗവതിയെ പുലഭ്യം പറയുന്നുണ്ട്. അപ്പോഴാണ് രാമൻ, ഈശോ, മുഹമ്മദ് തുടങ്ങിയ പേരുകളിൽ മനസ്സിൽ കാറ്റും വെളിച്ചവുമില്ലാത്ത മതമന്ദബുദ്ധികൾ നാട്ടുകാരായ ജാനകിയിൽ സീതയെ കണ്ടെത്തിയത്. ആ കൂട്ടത്തിൽ ഒരു തുറുപ്പു ചീട്ടുകൂടി ഇറക്കും മതസ്പർദ്ധ. ഈശ്വര വിശ്വാസത്തിൽ, സത്യധർമ്മത്തിൽ ജീവിക്കുന്ന നിഷ്പക്ഷമതികളായ യഥാർത്ഥ വിശ്വാസികൾ ഇവരുടെ വലയിൽ കുരുങ്ങില്ല. ദൈവങ്ങളെ വിറ്റ് പള്ള വീർപ്പിക്കുന്ന ഈ യാഥാസ്ഥിതികരുടെ ഈശ്വരീഭാവത്തെയാണ് വിവേകമുള്ളവർ തിരിച്ചറിയേണ്ടത്. ജാതി മത രാഷ്ട്രീയം നോക്കി സാഹിത്യ സൃഷ്ടികൾ, സിനിമ നിർമ്മാണം നടത്താൻ സാധിക്കുമോ? ജീവിതത്തിൻറെ ചുണ്ടിൽ ചുംബനം കൊടുക്കണോ അടി കൊടുക്കണോ എന്ന് തീരുമാനിക്കുന്നത് സംസ്ഥാന സെൻസർ ബോർഡ് ആണോ? മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് അവകാശപൂർവ്വം കടന്നു കയറുന്ന പഴഞ്ചൻ കാടൻ മത വിശ്വാസങ്ങൾ മനഃസാക്ഷിയുള്ളവർ, യഥാർത്ഥ ഈശ്വര വിശ്വാസികൾ അംഗീകരിക്കില്ല. മനുഷ്യരിലെ സത്യവും സത്തയും സ്വത്വവും ഇവർ എന്നാണോ തിരിച്ചറിയുക?
കലാസാഹിത്യ രംഗത്ത് നടക്കുന്ന ഇത്തരം പ്രാകൃത സമീപനങ്ങൾ ഒരു വ്യക്തിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ നടത്തുന്ന ക്രൂരവിനോദമാണ്. സമൂഹത്തിൽ വിനാശം സൃഷ്ടിക്കുന്ന ജാതി മത ചിന്തകൾ, അത്യാചാരങ്ങൾക് തിരികൊളുത്തുന്നത് കൂടുസുമുറിമനസ്സുള്ളവരുടെ കാഴ്ചപ്പാടുകളാണ്. ആധുനിക മനുഷ്യർ ശാസ്ത്ര സംസ്കാരിക രംഗത്ത് പുരോഗതി പ്രാപിക്കുമ്പോൾ പരമ്പരാഗതമായി ലഭിച്ച ദൈവങ്ങളുടെ മറവിൽ പരസ്പരം സ്നേഹം വെടിഞ്ഞു വിദ്വേഷം വളർത്തി മതവികാരം വളർത്തുന്നു. ഭരണകൂടങ്ങൾ നാല് വോട്ടിന് വേണ്ടി നോക്കുകുത്തികളാകുന്നു. മത ലഹരിയിൽ ജീവിക്കുന്ന ഈ കൂട്ടർ ഏതെങ്കിലും മത രാഷ്ട്രീയ സംഘടനകളുടെ മറവിലാണ് പ്രത്യക്ഷപ്പെടുന്നത്. അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞാൽ, വിമർശിച്ചാൽ വ്യക്തിഹത്യ നടത്തുക മാത്രമല്ല തലയില്ലാത്ത സോഷ്യൽ മീഡിയയിൽ അപഹാസ്യരാക്കി അവതരിപ്പിക്കും. അസഹിഷ്ണുത ഇവരുടെ മുഖമുദ്രയാണ്. ഇവരെ കേൾക്കാൻ ആൾക്കൂട്ടമുണ്ട്. മതേതരവാദികളായി നമ്മുടെ മുന്നിൽ അവതരിക്കുമെങ്കിലും ഇവരുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നത് മത മൗലിക ചിന്തകളാണ്. ഈ കൂട്ടരുടെ പ്രസംഗം കേട്ടാൽ, കഥാ കവിതാ പാരായണം കേട്ടാൽ കരഘോഷമുയരും. വേദിയിലും മുന്നിലുമിരിക്കുന്ന വിശിഷ്ട വ്യക്തികളെ, തൽപ്പര കക്ഷികളെ മഞ്ഞരുകുമ്പോൾ മുഖസ്തുതികൊണ്ട് മൂടി പുതയ്ക്കും. സമ്പത്ത് കൊടുത്താൽ ഒരു പൊന്നാടയും കൊടുക്കും. മതമൈത്രി സംസാരിക്കുന്ന വ്യക്തിയുടെ കണ്ണുകളിൽ സ്വാർത്ഥതയും വാചാലമായ വാക്കുകളിൽ മാധുര്യവുമാണ്. ഇതാണ് സെൻസർ ബോർഡിലും കണ്ടത്. 1970-ന് മുൻപ് ഈ കൂട്ടരുടെ ജീർണ്ണമുഖം, വർഗ്ഗീയത സാമൂഹ്യ സാംസ്കാരിക നായകന്മാർ വലിച്ചെറിഞ്ഞതാണ്. അതിന് രക്തസാക്ഷികളായവരാണ് നരേന്ദ്ര ദാബോൽക്കർ, ഗോവിന്ദ് പൻസാരെ, പ്രൊഫ.കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയവർ. ഗൾഫിൽ നിന്ന് പണം ഒഴുകിയെത്തിയ നാൾ മുതൽ 2025-ൽ എത്തി നിൽക്കുമ്പോൾ രാഷ്ട്രീയ മത പാർട്ടികൾ വർഗ്ഗീയതയുടെ വിഷവിത്തുകൾ വോട്ടുകളാക്കി മാറ്റി അധികാരത്തിലെത്തുന്നു. മതം മാനവധർമ്മത്തിന് വേണ്ടിയെന്ന് പഠിപ്പിക്കേണ്ട എഴുത്തുകാർ സ്വന്തം നിലനിൽപ്പിനായി അധികാരികളുടെ മുന്നിൽ പദവി, പുരസ്കാരത്തിന് തല കുനിഞ്ഞു നിൽക്കുന്നു. ഇതാണ് ഇന്ന് കേരളമനുഭവിക്കുന്ന ദുരവസ്ഥ. ഇപ്പോൾ കലയുടെ കഴുത്തിൽ കത്തിവെച്ച് പറയുന്നു കഥാപാത്രത്തിന്റെ പേര് മാറ്റുക. ഒരു സിനിമ പ്രദർശനം തടസ്സപ്പെടുത്തിയാൽ അതിന്റെ നഷ്ടം ആരാണ് വഹിക്കുക? ഇതാണോ നമ്മുടെ സാമൂഹിക സാംസ്കാരിക നവോത്ഥാനം?
ഇപ്പോൾ മനസ്സിൽ തുടിക്കുന്ന ഒരു ചോദ്യം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ സെൻസസ് വിജ്ഞാപനത്തിൽ “ജാതി” എടുത്തു മാറ്റി. അത് വിജ്ഞാപനത്തിലും വേണമെന്നുള്ള ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. സിനിമ സെൻസർ ബോർഡ് കോടതി വഴി സിനിമാ പ്രവർത്തകർക്ക് ഷോക്കോസ് നോട്ടീസ് കൊടുത്തു വിജ്ഞാപനം എന്തെങ്കിലും പുറത്തിറക്കുമോ? എന്തായാലും കോടതി വരാന്തയിൽ എത്തിയതല്ലേ. അവിടെ മതഭൂത ഭേദങ്ങൾ മറികടന്ന് മനുഷ്യക്കോടതിയായി മാറട്ടെ. സെൻസർ ബോർഡിന്റെ ഈ നിലപാട് എത്ര പരിഹാസ്യമാണ്. ഇനിയും ഓരോ മലയാളിയും പേര് മാറ്റേണ്ടി വരുമോ? കഥ എഴുത്തുകാരും ജാഗ്രത പാലിക്കണോ? മതത്തെ രാഷ്ട്രീയാധികാരമാക്കിയാൽ ജനാധിപത്യം, പുരോഗമനവാധികൾ എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? അതും കപടതയല്ലേ? മസാല നോവലുകൾ പോലെ ആ കപടതക്ക് കൂട്ടും നിൽക്കുന്ന പൈങ്കിളി വാർത്തകളല്ലേ നമ്മൾ നിത്യവും കേൾക്കുന്നത്. യാഥാർത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത എ ഐ ഇമേജസ് ഉത്പാദിപ്പിക്കുന്ന കപട ചിത്രവാർത്തകളല്ലേ കാണുന്നത്? കപട മതവിശ്വാസികൾ അത് ചൂടുപടം പോലെ വിറ്റഴിക്കുന്നു. സമ്പത്തിനോട് ആർത്തിയിള്ള ജീർണ്ണ മാധ്യമ സംസ്കാരം മനുഷ്യ മനസ്സിനെ കലൂഷമാക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യം കലാസാഹിത്യ രംഗത്തുള്ളവർക്ക് മാത്രമല്ല എല്ലാ പൗരന്മാർക്കും ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന അവകാശമാണ്. സിനിമാ പ്രേമികൾ കൂടുതലും സിനിമാ ചിലന്തിവലക്കുള്ളിൽ കുരുങ്ങിയവരാണ്. ഇങ്ങനെ ഒരു വിവാദമുണ്ടാകുമ്പോൾ യുവമിഥുനം സിനിമ കാണുവാനുള്ള ആകാംഷയും ഉൽകണ്ഠയും ഉണ്ടാകും. എമ്പുരാൻ സിനിമ വിവാദമാക്കിയത് പോലെ ഇതും കച്ചവട തന്ത്രമാണോ? അങ്ങനെയെങ്കിൽ അതിനുള്ളിൽ ആരെയാണ് തൃപ്തിപ്പെടുത്തിയത്?
സാഹിത്യമൂല്യങ്ങളില്ലാത്ത, അസഭ്യം പുലമ്പുന്ന, കുട്ടികളെ തെറ്റിലേക്ക് വഴിനടത്തുന്ന, പിടിച്ചുപറി, കൊലപാതകം, സ്ത്രീ വിരുദ്ധത നിറഞ്ഞ എത്രയോ സിനിമകൾ ഇറങ്ങി. അവിടെയെങ്ങും സെൻസർ ബോർഡിന്റെ കത്രിക കണ്ടില്ല. സിനിമാ മോഡൽ കൊലപാതകം വരെ കേരളത്തിൽ നടക്കുന്നില്ലേ? സമ്പത്തുണ്ടാക്കാനുള്ള പ്രചാരണവേലകളെങ്കിലും ഇതെല്ലാം കണ്ടു മൗനികളായി മലയാളികൾ മാറിയിരിക്കുന്നു. സിനിമയും ടെലിവിഷനും നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമായ ഈ കാലത്ത് അതിൽ കാണുന്നത് സത്യാത്മകമായ വിവരണമാണോ വിനോദമാണോ വിജ്ഞാനമാണോ എന്നത് എത്ര പേർ അപഗ്രഥിക്കുന്നു? കഥയറിയാതെ കഥകളി കാണുന്നവരെ പോലെ എല്ലാം കണ്ടു രസിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളായി ജാതി മത രാഷ്ട്രീയ പിന്തുണയുള്ളവരെ എല്ലാ മേഖലകളിലും തിരുകികയറ്റി അളവറ്റ മതിപ്പ് ജനിപ്പിക്കുന്നതല്ല ക്രാന്തദർശിയായ ഒരു ഭരണാധികാരിയുടെ മഹത്വം. അതിലുപരി സമൂഹത്തിൽ സത്യവും സമത്വവും സത്തയും കണ്ടെത്തുന്നതിലാണ് സാമർത്ഥ്യം കാട്ടേണ്ടത്. സിനിമാ വ്യവസായത്തിന്റെ വാണിജ്യ താല്പര്യങ്ങൾ എന്തായാലും സാമാന്യജനത്തിന്റെ ചിന്താബോധത്തെ വളർത്തുകയല്ല തളർത്തുകയാണ്. സിനിമയിലെ താരധീർത്ഥ്യം പോലെ ജാനകി എന്ന കഥാപാത്രത്തിലൂടെ ഓരോ മേഖലകളിലും ജീവിക്കുന്ന നിശബ്ദ കലാപ്രവർത്തകരെ തിരിച്ചറിയാനും ഇവരുടെ മനസ്സ് എത്രയോ ദുരൂഹവും സങ്കീർണ്ണവുമാണെന്ന് ഇതിലൂടെ മനസ്സിലാക്കാനും സാധിച്ചു. ഇത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.
Silent rebels in cinema