ന്യൂഡല്‍ഹി: ഷെയഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവി പദവി ഒഴിയുന്ന സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിന് മൂന്നുപേരുടെ ചുരുക്കപ്പട്ടികയായി. സംസ്ഥാന കേഡറില്‍ ഏറ്റവും സീനിയറായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരടങ്ങിയ പട്ടികയാണ് യുപിഎസ് സി തയാറാക്കിയത്.
യുപിഎസ് സി അംഗീകരിച്ച മൂന്നംഗ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നും ഒരാളെ സര്‍ക്കാരിന് അടുത്ത പോലീസ് മേധാവിയായി നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കും.
സംസ്ഥാന സര്‍ക്കാര്‍ അയച്ച ആറംഗ പട്ടികയിലെ ആദ്യ മൂന്നുപേരുകാരെ തന്നെ യുപിഎസ് സി യോഗം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അയക്കുകയായിരുന്നു.
നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് സര്‍ക്കാര്‍ അയച്ച പട്ടികയില്‍ ഇടംനേടിയിരുന്നത്. പട്ടികയില്‍ നാലാമതുള്ള മനോജ് എബ്രഹാമിനെ പരിഗണിക്കാവുന്നതാണെന്ന് കേരളത്തില്‍ നിന്നും യുപിഎസ് സി യോഗത്തില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറിയും, നിലവിലെ പൊലീസ് മേധാവിയും യോഗത്തില്‍ നിര്‍ദേശം വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ആറംഗ പട്ടികയിലെ ആദ്യ പേരുകാരായ മൂന്ന് സീനിയര്‍ ഉദ്യോഗസ്ഥരും പൊലീസ് മേധാവിയാകാന്‍ യോഗ്യരാണെന്ന് യുപിഎസ് സി യോഗം വിലയിരുത്തി. നിതിന്‍ അഗര്‍വാളും രവാഡ ചന്ദ്രശേഖറും കുറേക്കാലം കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു എന്നത് പൊലീസ് മേധാവിയാകാന്‍ തടസമല്ലെന്നും യോഗം വിലയിരുത്തി. നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്ത സര്‍ക്കാരിന് അനഭിമതനാണ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതും, മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വിജിലന്‍സ് കേസ് ഫയലുകള്‍ സിബിഐക്ക് കൈമാറിയതുമാണ് സര്‍ക്കാരിന്റെ അപ്രീതിക്ക് കാരണമായത്.
നിലവില്‍ ഗതാഗത കമ്മീഷണറാണ് പട്ടികയിലെ ആദ്യ പേരുകാരനായ നിതിന്‍ അഗര്‍വാള്‍. ഡല്‍ഹി സ്വദേശിയായ നിതിന്‍ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. ബിഎസ്എഫ് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാള്‍ അടുത്തകാലത്താണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. 1991 ബാച്ച് ഐപിഎസ് ഓഫീസറാണ് രണ്ടാമത്തെ പേരുകാരനായ രവാഡ ചന്ദ്രശേഖര്‍. നിലവില്‍ ഐബിയില്‍ സ്പെഷല്‍ ഡയറക്ടറാണ് രവാഡ. 1993 ബാച്ച് ഐപിഎസ് ഓഫീസറാണ് യുപിഎസ് സി അംഗീകരിച്ച ചുരുക്കപ്പട്ടികയില്‍ മൂന്നാമതുള്ള യോഗേഷ് ഗുപ്ത.
State Police Chief: Three-member shortlist announced. Nitin