കേരള രാഷ്ട്രീയത്തിലെ അതികായനും കേരള കോൺഗ്രസുകളുടെ തലമുതിർന്ന നേതാവുമായ പി.ജെ. ജോസഫിന് 84 വയസ്സ് തികഞ്ഞു. പുറപ്പുഴയിലെ പുരാതന കത്തോലിക്കാ കുടുംബമായ പാലത്തിനാൽ വീട്ടിൽ ജോസഫിന്റെയും (നാട്ടുകാരുടെ കുഞ്ഞേട്ടൻ) അന്നമ്മയുടെയും മകനായി 1941 ജൂൺ 28നാണ് ഔസേപ്പച്ചൻ എന്ന് സ്‌നേഹപൂർവ്വം വിളിക്കുന്ന പി.ജെ. ജോസഫ് ജനിച്ചത്.
‘ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട’ അദ്ദേഹത്തിന്റെ മനസ്സ് ഇന്നും ചെറുപ്പമാണെന്ന് സഹപ്രവർത്തകർ പറയുന്നു.
കേരള കോൺഗ്രസിലെ പിളർപ്പുകളിലൂടെ നേതൃത്വത്തിലെത്തിയ ജോസഫ്, പിളർപ്പുകളിലും ലയനങ്ങളിലും യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളിലും മുന്നണികളിലും എക്കാലവും ഒരു ഭാഗത്തെ ശക്തനായ നേതാവായിരുന്നു. അഞ്ചര പതിറ്റാണ്ടായി കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രധാനികളിലൊരാളാണ് അദ്ദേഹം.
1970ൽ തൊടുപുഴയിൽ നിന്ന് മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തിയ പി.ജെ. ജോസഫ്, പത്ത് തവണയാണ് അതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചത്. അന്തരിച്ച പി.ടി. തോമസിനോട് ഒരു തവണ തോറ്റെങ്കിലും പിന്നീട് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു.
വിവിധ മന്ത്രിസഭകളിൽ അദ്ദേഹം നിർണായക വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്:
1978: എ.കെ. ആന്റണി മന്ത്രിസഭയിൽ എട്ട് മാസം ആഭ്യന്തര മന്ത്രി. കെ.എം. മാണി ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്നായിരുന്നു ഈ അവസരം.
1980 87: കെ. കരുണാകരൻ മന്ത്രിസഭയിൽ റെവന്യൂ മന്ത്രി.
1996 2001: ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി.
2006 2010: വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി.
2011 2016: ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ജലവിഭവ മന്ത്രി.
1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ജോസഫ് യുഡിഎഫ് വിട്ടത്. കെ.എം. മാണിയുടെ നേതൃത്വം അംഗീകരിച്ച് 2010ൽ കേരള കോൺഗ്രസ്എമ്മിൽ ലയിച്ചതോടെ അദ്ദേഹം വീണ്ടും യുഡിഎഫിലെത്തി. ഇടതുമുന്നണിയുമായി രണ്ടു പതിറ്റാണ്ടിലേറെയുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചായിരുന്നു ഈ ലയനം.
ഇതിനിടെ, ജോസഫ് വിഭാഗം വിട്ടുപോയ കെ. ഫ്രാൻസിസ് ജോർജ് വീണ്ടും ജോസഫിന്റെ പാർട്ടിയിലെത്തി കോട്ടയത്തിന്റെ എംപിയായതു സമീപകാല ചരിത്രമാണ്.
കെ.എം. മാണിയുടെ രോഗാവസ്ഥയെയും വിയോഗത്തെയും തുടർന്ന് ചെയർമാൻ സ്ഥാനത്തെ ചൊല്ലി 2019ൽ തുടങ്ങിയ തർക്കത്തിൽ പി.ജെ. ജോസഫിന്റെയും ജോസ് കെ. മാണിയുടെയും നേതൃത്വത്തിൽ കേരള കോൺഗ്രസുകൾ വീണ്ടും പിളർന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ. മാണി ചെയർമാനായ കേരള കോൺഗ്രസ്എമ്മിന് അംഗീകൃത സംസ്ഥാന പാർട്ടി പദവിയും രണ്ടില ചിഹ്നവും നൽകിയത് ജോസഫിന് കനത്ത തിരിച്ചടിയായി. ജോസഫിന്റെ വാദം തള്ളി കേരള കോൺഗ്രസിലെ പിളർപ്പായി പോലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാതിരുന്നത് അപ്രതീക്ഷിതമായിരുന്നു.
രാഷ്ട്രീയ തന്ത്രജ്ഞനായ ജോസഫ് പക്ഷേ തളർന്നില്ല. പി.സി. തോമസിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസുമായി ചേർന്ന് അതിന്റെ ചെയർമാനായാണ് ജോസഫ് തന്റെ കരുത്ത് തെളിയിച്ചത്.
രണ്ട് വർഷം മുൻപ് അന്തരിച്ച പ്രിയതമ ഡോ. ശാന്തയുടെ ഓർമ്മകളിലും തന്റെ ഇഷ്ടകാര്യങ്ങളായ കൃഷിയിലും സംഗീതത്തിലും നിന്ന് ഊർജം കണ്ടെത്തിയാണ് ജോസഫിന്റെ പ്രവർത്തനങ്ങൾ. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ മകൻ അപു ജോൺ ജോസഫ് പിതാവിന്റെ നിഴലായി കൂടെയുണ്ട്.
രാഷ്ട്രീയ പ്രതിസന്ധികൾക്കും പിളർപ്പുകൾക്കും മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന വിവാദങ്ങൾക്കും ഇടയിലും, പ്രായം തളർത്താത്ത മനസ്സുമായി ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പി.ജെ. ജോസഫ്.
The journey of P J Joseph continues after ‘seeing a thousand full moons’