കീവ്: ഇതുവരെ നടന്നതില്‍ വെച്ച് യുക്രൈന് നേരെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തി റഷ്യ. നൂറുകണക്കിന് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ അക്രമണം നടത്തിയതായി യുക്രൈന്‍ ഞായറാഴ്ച സ്ഥിരീകരിച്ചു. 2022-ല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
ഖാർകീവിൽ നാല് പേരും ഖെര്‍സണില്‍ രണ്ടുപേരും കൊല്ലപ്പെട്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ആക്രമണത്തിന് ആകെ 537 വ്യോമായുധങ്ങള്‍ ഉപയോഗിച്ചതായാണ് യുക്രൈൻ ആരോപമം. ആക്രമണത്തിനിടയിലെ ചെറുത്തുനില്‍പില്‍ എഫ്-16 യുദ്ധവിമാനത്തിന്റെ പൈലറ്റ് മരിച്ചതായി യുക്രൈന്‍ വ്യോമസേന വിഭാഗം അറിയിച്ചു. അപകടത്തില്‍പെട്ട വിമാനം ജനവാസ മേഖലയില്‍നിന്ന് മാറ്റാന്‍ പൈലറ്റിന് സാധിച്ചെങ്കിലും തകരുന്നതിന് മുമ്പ് ഇയാള്‍ക്ക് പുറത്തേക്ക് ചാടാനായില്ല.
ആക്രമണത്തില്‍ 477 ഡ്രോണുകളും 60 മിസൈലുകളും റഷ്യ ഉപയോഗിച്ചു. ഇതില്‍ 249 എണ്ണം യുക്രൈന്‍ വെടിവെച്ചിടുകയും 226 എണ്ണം മറ്റുരീതിയിൽ നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ ഡൊണെട്‌സ്‌ക് പ്രദേശത്തേക്ക് സൈനിക വിന്യാസം വ്യാപിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് റഷ്യ. നവൗക്രൈന്‍ക എന്ന ഗ്രാമം പിടിച്ചെടുത്തതായും റഷ്യ അവകാശവാദമുന്നയിച്ചിട്ടുണ്ട്.
ഏറ്റമുട്ടലിൽ റഷ്യയ്ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. യുക്രൈനിന്റെ മൂന്ന് ഡ്രോണുകള്‍ രാത്രിയില്‍ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റൊരു സംഭവത്തില്‍ റഷ്യന്‍ നഗരമായ ബ്രയാന്‍സ്‌കിസിലെ രണ്ട് പേര്‍ യുക്രൈന്‍ വ്യോമാക്രമണത്തില്‍ മരിച്ചതായി പ്രാദേശിക ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബോഗോമാസ് അറിയിച്ചു. ഇതുകൂടാതെ ഏഴ് ഡ്രോണുകള്‍കൂടി നഗരപ്രദേശത്ത് കണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുത്തുനില്‍പ്പില്‍ റഷ്യയുടെ 211 ഡ്രോണുകളും 38 മിസൈലുകളും നശിപ്പിച്ചതായി യുക്രൈന്‍ സേന അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷമാണ് അമേരിക്കയില്‍നിന്ന് യുക്രൈന്‍ എഫ്-16 വിമാനം വാങ്ങിയത്. യുക്രൈന്‍ റഷ്യ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം യുക്രൈനിന്റെ മൂന്നാമത്തെ എഫ്-16 യുദ്ധവിമാനമാണ് നഷ്ടപ്പെടുന്നത്. ആകെ എത്ര യുദ്ധവിമാനം വാങ്ങി എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിർ സെലന്‍സ്‌കി അമേരിക്കയില്‍ നിന്നും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളില്‍നിന്നും സൈനിക പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിന്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് യുക്രൈനില്‍ വ്യോമാക്രമണം നടത്തിയത്. തുര്‍ക്കിയില്‍വെച്ച് റഷ്യ-യുക്രൈൻ പ്രതിനിധികൾ ഒടുവില്‍ നടത്തിയ സമാധന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
ആക്രമണത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും 12 ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനത്ത് ഉടനീളം വെടിയൊച്ചകളും പൊട്ടിത്തെറിയും കേട്ടതിനാല്‍ ആളുകള്‍ മെട്രോ സ്‌റ്റേഷനില്‍ അഭയം പ്രാപിച്ചിരുന്നു. സമാനമായ രീതിയില്‍ ചെറിയ തോതിലുള്ള ആക്രമണം ലിവീവിലും നടന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ, സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫുമായി സംസാരിച്ചതായി റഷ്യന്‍ വിദേശ ഇന്റലിജന്‍സ് മേധാവി സെര്‍ജൈ നാറിഷ്‌കിന്‍ പറഞ്ഞു.
Russia carried out its largest airstrike against Ukraine: 537 aerial weapons were used