ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ അതിഥികളായി പങ്കെടുക്കുമെന്ന് ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പിൽ, വൈസ് പ്രസിഡന്റ് സണ്ണി ഇട്ടിക്കുഴി, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു. എം.എൽ.എ.യായ രാഹുൽ മാങ്കൂട്ടത്തിൽ ഈ വർഷത്തെ മറ്റൊരു അതിഥിയാണ്. കേരള നിയമസഭയിലെ മൂന്ന് ജനപ്രതിനിധികൾ വടംവലി മത്സരത്തിന്റെ വേദിയിലെത്തുന്നത് അഭിമാനകരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിൽ സജീവമായ മോൻസ് ജോസഫ്, 1984-ൽ കോട്ടയം ബസേലിയസ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു. കെ.എസ്.സി. സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. 1996-ൽ കെ.എസ്.സി. സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ കടുത്തുരുത്തിയിൽനിന്ന് നിയമസഭയിലേക്ക് 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തുടർന്ന് 2006, 2011, 2016, 2021 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കടുത്തുരുത്തിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എം.എൽ.എ. എന്ന നിലയിൽ 25 വർഷത്തെ സേവന പാരമ്പര്യമുള്ള മോൻസ് ജോസഫ്, 2007 ഒക്ടോബർ 18-ന് വി.എസ്. മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടര വർഷക്കാലം മന്ത്രിയായും മികച്ച പ്രകടനം കാഴ്ചവെച്ചു. കേരള കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ അഡ്വ. മോൻസ് ജോസഫ് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്.
2019 മുതൽ പാലായിൽ നിന്നുള്ള ജനപ്രതിനിധിയാണ് മാണി സി. കാപ്പൻ. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കേരള സംസ്ഥാന വോളിബോൾ ടീമിൽ നാല് വർഷത്തോളം അംഗമായിരുന്നു. കാലിക്കറ്റ് സർവകലാശാലാ വോളിബോൾ ടീം ക്യാപ്റ്റൻ എന്ന നിലയിൽ കാഴ്ചവെച്ച മികച്ച പ്രകടനം കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ വോളിബോൾ ടീമിൽ എത്താൻ സഹായിച്ചു. ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി. കാപ്പൻ. സിനിമാ രംഗത്ത് നിർമാതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. 25-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘മേലേപ്പറമ്പിൽ ആൺവീട്’ ആണ് അദ്ദേഹം നിർമിച്ച ആദ്യ സിനിമ. നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ സ്ഥാപകാംഗവും മുൻ സംസ്ഥാന ട്രഷററുമാണ് മാണി സി. കാപ്പൻ.
ഓഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് മത്സരങ്ങൾ അവസാനിക്കും. തുടർന്ന് രാത്രി 10 മണി വരെ വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാൻ ‘ഇന്ത്യൻ ഫുഡ് ഫെസ്റ്റ്’ ഉണ്ടായിരിക്കും. വൈകിട്ട് 7 മണി മുതൽ 10 മണി വരെ അഫ്സലിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങേറും.
ഈ വർഷം വടംവലി മത്സരം പുതിയ സ്ഥലത്താണ് നടക്കുന്നത്. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളുള്ള മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്റ്റ് സ്റ്റേഡിയം കാണികളെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ഇരുപതിലധികം ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പിൽ, വൈസ് പ്രസിഡന്റ് സണ്ണി ഇട്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ. കമ്മിറ്റിയിൽ വൈസ് ചെയർമാൻ മാണി കരികുളം, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കൂട്ടം, ഫൈനാൻസ് ചെയർ ബിനു കൈതക്കത്തോട്ടിൽ, പി.ആർ.ഒ. മാത്യു തട്ടാമറ്റം, ഇന്ത്യ ഫുഡ് ഫെസ്റ്റ് ചെയർമാൻ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മഹാമേളയിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. പുതിയ വിലാസം ശ്രദ്ധിക്കുക:
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.
കൂടുതൽ വിവരങ്ങൾക്ക്:
- പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പിൽ: (630) 935-9655
- ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ: (630) 673-3382
Mons Joseph and Mani C. Kappan are guests at the Chicago Social Club International Tug of War Competition.

















