swayamvara
pulimoottil

അർപ്പണ മനോഭാവത്തോടെയുള്ള ബിസിനസുകൾ പരാജയപ്പെട്ടിട്ടില്ല: വെൻ തൃശൂർ കാർണിവലിൽ ടി എസ് പട്ടാഭിരാമൻ

അർപ്പണ മനോഭാവത്തോടെയുള്ള ബിസിനസുകൾ പരാജയപ്പെട്ടിട്ടില്ല: വെൻ തൃശൂർ കാർണിവലിൽ ടി എസ് പട്ടാഭിരാമൻ

കൊച്ചി: അർപ്പണ മനോഭാവത്തോടെയും സത്യസന്ധമായും ബിസിനസ് രംഗത്ത് നിൽക്കുന്ന ആരും പരാജയപ്പെട്ടിട്ടില്ലെന്ന് കല്ല്യാണ്‍ സില്‍ക്സ് ചെയര്‍മാനും സ്ഥാപകനുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു. വിമന്‍ ഓൺട്രപ്രണേഴ്‌സ് നെറ്റ് വർക്ക് (വെന്‍) സംഘടിപ്പിച്ച വെന്‍ തൃശൂര്‍ കാര്‍ണിവല്‍ ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഷ്ടപ്പെട്ട ഒരു ജോലിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ആദ്യത്തെ ഒരു ദിവസം മാത്രമാണ് ജോലി ചെയ്യേണ്ടതുള്ളൂവെന്നും ബാക്കി ദിവസങ്ങളിൽ ആസ്വാദനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ സാഹചര്യം മാറിയതായും മാനുഫാക്ചറിംഗ് ഉൾപ്പെടെ ബിസിനസ് മേഖലയിൽ സംസ്ഥാനം മുന്നോട്ടു കുതിക്കുകയാണെന്നും ടി എസ് പട്ടാഭിരാമൻ പറഞ്ഞു. മാനുഫാക്ചറിംഗ് രംഗത്താണ് ഭാവിയെന്നും അദ്ദേഹം വിശദമാക്കി.

വനിതകൾ തമ്മിൽ യോജിക്കില്ല എന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും വനിതാ കൂട്ടായ്മ സഹകരണത്തിലൂടെ വിജയിക്കുന്നതാണ് വെന്നിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം വനിതാ സംരംഭകർ ആറു ചാപ്റ്ററുകളിലായി രംഗത്ത് ഉണ്ടെന്നത് സന്തോഷകരമാണെന്നു പറഞ്ഞ ടി എസ് പട്ടാഭിരാമൻ ഇനി തങ്ങളെ പോലുള്ളവർ അടുക്കളയിൽ കയറേണ്ടി വരുമോ എന്ന ഭയമുണ്ടെന്നും തമാശയായി പറഞ്ഞു.

വെൻ പ്രസിഡൻ്റ് ലൈല സുധീഷ് അധ്യക്ഷത വഹിച്ചു. കുന്ദംകുളം ടി ടി ദേവസ്സി ജ്വല്ലറി എം ഡി അനില്‍ ജോസ്, സീമ അനില്‍ എന്നിവര്‍ മുഖ്യാതിഥികളും തൃശ്ശൂർ കോർപറേഷൻ കൗൺസിലർ മാഫി ഡെൽസൺ വിശിഷ്ടാതിഥിയുമായിരുന്നു. വെൻ തൃശൂർ ചെയർ രാജി ശർമ, മഞ്ജു തോമസ് എന്നിവർ പ്രസംഗിച്ചു.

കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂര്‍ വെന്‍ ചാപ്റ്ററുകളുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. പതിനായിരത്തിലധികം സന്ദര്‍ശകരെത്തിയ കാര്‍ണിവലില്‍ കുടുംബ സൗഹൃദ അന്തരീക്ഷത്തില്‍ സര്‍ഗ്ഗാത്മകമായ വാണിജ്യ, സാംസ്‌ക്കാരിക പശ്ചാതലമാണ് ഒരുക്കിയത്.

വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തനം നടത്തുന്ന വിമന്‍ എന്റര്‍പ്രണ്യൂവേഴ്‌സ് നെറ്റ്വര്‍ക്കിന് ആറ് സജീവ ചാപ്റ്ററുകളിലായി ആയിരത്തിലധികം ബിസിനസ് വനിതകള്‍ അംഗങ്ങളുണ്ട്.

തൃശൂര്‍ കാര്‍ണിവലില്‍ വ്യത്യസ്ത ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും നൂറിലേറെ സ്റ്റാളുകള്‍, രുചികരമായ ഭക്ഷണ സ്റ്റാളുകള്‍, ഫേസ് പെയ്ന്റിംഗ്, മൈലാഞ്ചി, കുട്ടികള്‍ക്ക് ആര്‍ട്ട് കോര്‍ണര്‍, ഗെയിമുകള്‍ തുടങ്ങി നിരവധി ആകർഷണീയത ഉൾപ്പെടുത്തിയിരുന്നു.

തൃശൂരില്‍ ആദ്യമായി സൈലന്റ് ഡി ജെ പാര്‍ട്ടിയും മൂന്നു മുതല്‍ 12 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ അവരുടെ അമ്മമാരുടെയോ മുത്തശ്ശിമാരുടെയോ ഒപ്പം റാമ്പില്‍ ഓണം പ്രമേയമായി അവതരിപ്പിച്ച മമ്മി ആന്റ് കിഡ്, ഗ്രാന്റ്മാ ആന്റ് കിഡ് ഫാഷന്‍ ഷോ, വിദ്യാര്‍ഥികള്‍ക്ക് വനിതാ സംരംഭകരുമായി ഇടപഴകാനും അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനും അവസരം ഒരുക്കിയ മീറ്റ്, അനുപമ രാമചന്ദ്രയുടെ ബ്ലാക്ക് ഔട്ട് കവിതാ ശില്‍പശാല, ഭാമ എം കെയുടെ സെല്‍ഫ് ലൗവ് ആന്റ് ഹോഓപോണോപോണോ ഹീലിംഗ് വര്‍ക് ഷോപ്പ്, ഷാനി റെജിയുടെ നെറ്റിപ്പട്ടം ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പ് എന്നിവയും അരങ്ങേറി.

Share Email
LATEST excelnclexrn
More Articles
Top