swayamvara
pulimoottil

കേരളത്തിന് നേട്ടം, ലോകത്തിൽ ഇതാദ്യം, രണ്ട് അപൂർവ മസ്തിഷ്ക രോഗങ്ങൾ ബാധിച്ച 17 വയസ്സുകാരൻ തിരികെ ജീവിതത്തിലേക്ക്

കേരളത്തിന് നേട്ടം, ലോകത്തിൽ ഇതാദ്യം, രണ്ട് അപൂർവ മസ്തിഷ്ക രോഗങ്ങൾ ബാധിച്ച 17 വയസ്സുകാരൻ തിരികെ ജീവിതത്തിലേക്ക്

തിരുവനന്തപുരം: ഒരുമിച്ച് രണ്ട് അപൂർവ മസ്തിഷ്ക രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെയെത്തി. ലോകത്താദ്യമായാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസും (Amoebic meningoencephalitis) ആസ്പർജില്ലസ് ഫ്ളാവസ് ഫംഗസ് മസ്തിഷ്ക അണുബാധയും (Aspergillus flavus fungus) ഒരുമിച്ചു ബാധിച്ച ഒരാൾ രക്ഷപ്പെടുന്നത്. കൊല്ലം ശൂരനാട് സ്വദേശിയായ ഈ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് മാസത്തെ തീവ്ര പരിചരണത്തിനൊടുവിലാണ് പൂർണ ആരോഗ്യവാനായി ഡിസ്ചാർജ് ചെയ്തത്. തുടർ പരിശോധനയിലും ആരോഗ്യനില തൃപ്തികരമായിരുന്നു.

അപൂർവവും അതീവ ഗുരുതരവുമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസിന് 99 ശതമാനം ആഗോള മരണനിരക്കാണുള്ളത്. എന്നാൽ, മികച്ച ചികിത്സയിലൂടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയും കേരളത്തിന് ഈ മരണനിരക്ക് 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചു.ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഴുവൻ മെഡിക്കൽ ടീമിനെയും, രോഗം കൃത്യസമയത്ത് കണ്ടെത്തിയ ആലപ്പുഴ മെഡിക്കൽ കോളേജ് ടീമിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയുടെ മികവും പ്രതിരോധശേഷിയുമാണ് ഈ വിജയം തെളിയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിയ്ക്ക് മസ്തിഷ്‌കജ്വരം ഉണ്ടാകുകയും അതിനെ തുടര്‍ന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടന്‍ തന്നെ സംസ്ഥാന പ്രോട്ടോകോള്‍ പ്രകാരമുള്ള അമീബിക് മസ്തിഷ്‌കജ്വര ചികിത്സ ആരംഭിച്ചതോടെ തളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മര്‍ദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കല്‍ കോളേജില്‍ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. എംആര്‍ഐ സ്‌കാനിംഗില്‍ തലച്ചോറില്‍ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയില്‍ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോള്‍ ആസ്പര്‍ജില്ലസ് ഫ്‌ളാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടര്‍ന്ന് മരുന്നുകളില്‍ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടര്‍ന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെ തുടര്‍ന്ന് രോഗം പൂര്‍ണമായും ഭേദമായി. രോഗം ഭേദമായതോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് മാസത്തെ കഠിനമായ പ്രയത്‌നത്തിനൊടുവില്‍ കുട്ടി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി.

ഇത് ഏറെ സങ്കീര്‍ണമായ ഒരു അവസ്ഥയായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ശരിയായ രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞതും പിന്നീട് കൃത്യമായ സമയത്ത് ശസ്ത്രക്രിയകള്‍ ചെയ്തതും രോഗമുക്തിയില്‍ നിര്‍ണ്ണായകമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ന്യൂറോ സര്‍ജറി വിദഗ്ധനുമായ ഡോ. സുനില്‍ കുമാറാണ് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്. ന്യൂറോ സര്‍ജന്‍മാരായ ഡോ. രാജ് എസ്. ചന്ദ്രന്‍, ഡോ. ജ്യോതിഷ് എല്‍.പി., ഡോ. രാജാകുട്ടി, മെഡിസിന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, മൈക്രോബയോളജി വിഭാഗങ്ങളും ചികിത്സയില്‍ പങ്കാളികളായി. രോഗം ആദ്യം കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഷാനിമോളുടെ നേതൃത്വത്തിലുള്ള ടീം, മെഡിസിന്‍, ന്യൂറോളജി വിഭാഗങ്ങള്‍ എന്നിവരും പങ്കാളികളായി.

Share Email
LATEST excelnclexrn
More Articles
Top