കാസർകോട്: മഞ്ചേശ്വരം കടമ്പാർ സ്വദേശികളായ അജിത്തും (28) ഭാര്യ അശ്വതിയും (24) വിഷം കഴിച്ച് മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
അജിത്തും അശ്വതിയും ഇവരുടെ അമ്മയും മൂന്ന് വയസ്സുള്ള മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഇന്നലെ അമ്മ ജോലിക്ക് പോയ സമയത്താണ് ഇരുവരും കുട്ടിയുമായി പുറത്തേക്ക് പോയത്.
ഇവർ നേരെ പോയത് അശ്വതിയുടെ സഹോദരിയുടെ വീട്ടിലേക്കാണ്.
ഒരു സ്ഥലം വരെ പോയി തിരികെ വരുമ്പോൾ കുട്ടിയെ കൂട്ടാമെന്ന് പറഞ്ഞ ശേഷം കുഞ്ഞിനെ സഹോദരിയുടെ വീട്ടിലാക്കിയാണ് അജിത്തും അശ്വതിയും യാത്ര തിരിച്ചത്.
തുടർന്ന് പുറത്ത് വെച്ച് ഇരുവരും വിഷം കഴിക്കുകയായിരുന്നു.
അവശനിലയിലായ ഇവരെ ഉടൻതന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഇരുവരും മരണപ്പെട്ടത്.
സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.















