പെൻസിൽവാനിയ: പെൻസിൽവാനിയയിലെ ഹാരിസ്‌ബർഗിലുള്ള ഒരു കത്തോലിക്കാ രൂപത, അവരുടെ സ്കൂൾ നടത്തിയ ഹാലോവീൻ പരേഡ് ഫ്ലോട്ടിൽ ഹോളോകോസ്റ്റ് ചിത്രീകരണം ഉൾപ്പെടുത്തിയതിനെ ശക്തമായി അപലപിച്ചു.
സെന്‍റ് ജോസഫ് കത്തോലിക്കാ സ്കൂളിലെ വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി ഹാലോവീൻ പരേഡിനായി ഒരുക്കിയ ഫ്ലോട്ടിലാണ് വിവാദമുണ്ടാക്കിയ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഓഷ്വിറ്റ്സ് കോൺസൺട്രേഷൻ ക്യാമ്പിന്‍റെ പ്രവേശന കവാടത്തിന്‍റെ ഒരു മാതൃകയായിരുന്നു ഫ്ലോട്ടിൽ ഉണ്ടായിരുന്നത്. ഈ കവാടത്തിന് മുകളിൽ “Arbeit Macht Frei” എന്ന ജർമ്മൻ വാക്യം എഴുതിയിരുന്നു.
ഓഷ്വിറ്റ്സ്-ബിർക്കെനൗ സ്റ്റേറ്റ് മ്യൂസിയം വെബ്സൈറ്റ് അനുസരിച്ച്, ഈ വാക്യം ‘ജോലി നിങ്ങളെ സ്വതന്ത്രരാക്കും’ എന്നാണ് അർത്ഥമാക്കുന്നത്. ഈ മുദ്രാവാക്യം ക്യാമ്പിന്‍റെ ഒരു പ്രധാന ചിഹ്നമായിരുന്നു. ജർമ്മനിയിലെ മറ്റ് കോൺസൺട്രേഷൻ ക്യാമ്പുകളിൽ എത്തിയവരെ സ്വാഗതം ചെയ്യാനും ഇത് ഉപയോഗിച്ചിരുന്നു. ഓഷ്വിറ്റ്സ് ഗേറ്റിലെ ‘B’ എന്ന അക്ഷരം തടവുകാർ മനഃപൂർവം തിരിച്ചിട്ടാണ് നിർമ്മിച്ചത്.
ഇത് അടിമത്തത്തിനെതിരെയുള്ള ഒളിപ്പിച്ച പ്രതിഷേധമായി കണക്കാക്കപ്പെടുന്നു. പെൻസിൽവാനിയയിലെ ഹാനോവറിലുള്ള ഈ സ്കൂൾ ഹാരിസ്‌ബർഗ് രൂപതയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ രൂപത ഈ ചിത്രീകരണത്തെ വെറുപ്പിൻ്റെ കുപ്രസിദ്ധമായ ചിഹ്നം എന്നാണ് വിശേഷിപ്പിച്ചത്.
സംഭവത്തിൽ താൻ ഞെട്ടുകയും അമ്പരക്കുകയും ചെയ്തു എന്ന് പറഞ്ഞ ബിഷപ്പ് തിമോത്തി സി. സീനിയർ, കത്തോലിക്കാ രൂപതയുടെ പേരിൽ ജൂത സമൂഹത്തോട് ക്ഷമാപണം നടത്തി. ഫ്ലോട്ടിന്‍റെ യഥാർത്ഥ അംഗീകൃത രൂപകൽപ്പനയിൽ ആ ഇമേജറി ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.














