തലസ്ഥാനത്തും കൊല്ലത്തും ചരിത്രം, വി.വി രാജേഷ് തിരുവനന്തപുരം മേയർ, സത്യപ്രതിജ്ഞ ചെയ്ത് പുതിയ മേയർമാർ അധികാരമേറ്റു

തലസ്ഥാനത്തും കൊല്ലത്തും ചരിത്രം, വി.വി രാജേഷ് തിരുവനന്തപുരം മേയർ, സത്യപ്രതിജ്ഞ ചെയ്ത് പുതിയ മേയർമാർ അധികാരമേറ്റു

കേരളത്തിലെ ആറ് കോർപ്പറേഷനുകളിലേക്കുള്ള മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം. കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം എന്നീ നാല് കോർപ്പറേഷനുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിലേറിയപ്പോൾ, കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് നിലനിർത്താനായത്.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി വി.വി. രാജേഷ് 51 വോട്ടുകൾ നേടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങൾക്ക് പുറമെ ഒരു സ്വതന്ത്രന്റെ വോട്ടും രാജേഷിന് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ആർ.പി. ശിവജിക്ക് 29 വോട്ടും യുഡിഎഫിന്റെ കെ.എസ്. ശബരീനാഥന് 17 വോട്ടും ലഭിച്ചു. ഒപ്പിട്ടതിലെ പിഴവ് മൂലം കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി. ഇതോടെ കേരളത്തിലെ ഒരു കോർപ്പറേഷനിൽ ആദ്യമായി ബിജെപി അധികാരം പിടിച്ചെടുക്കുന്ന ചരിത്രമുഹൂർത്തത്തിന് തലസ്ഥാനം സാക്ഷിയായി.

യുഡിഎഫ് വിജയിച്ച നാല് കോർപ്പറേഷനുകളിൽ കണ്ണൂരിൽ അഡ്വ. ടി. ഇന്ദിരയും (കോൺഗ്രസ്), തൃശ്ശൂരിൽ ഡോ. നിജി ജസ്റ്റിനും (കോൺഗ്രസ്), കൊച്ചിയിൽ വി.കെ. മിനിമോളും (കോൺഗ്രസ്), കൊല്ലത്ത് എ.കെ. ഹഫീസും (കോൺഗ്രസ്) മേയർമാരായി. വർഷങ്ങളായി ഇടതുമുന്നണിയുടെ കോട്ടയായിരുന്ന കൊല്ലം പിടിച്ചെടുത്തത് യുഡിഎഫിന് ഇരട്ടി മധുരമായി. കൊച്ചിയിലും തൃശ്ശൂരിലും സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരം ഭദ്രമാക്കിയത്.

കോഴിക്കോട് കോർപ്പറേഷനിൽ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഓ. സദാശിവൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യഘട്ടത്തിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടർന്നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തിയത്. ഇതിൽ നിന്നും എൻഡിഎ വിട്ടുനിന്നു. എൽഡിഎഫ് ഭരണത്തിൽ തുടരുന്ന ഏക കോർപ്പറേഷനാണ് കോഴിക്കോട്.

Share Email
LATEST excelnclexrn
More Articles
Top