ബെയ്ജിംഗ്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സേന പിടിച്ചെടുത്ത കപ്പലിൽ ഇറാനായി ചൈന നൽകിയ ‘രഹസ്യ സമ്മാനം’ ഉണ്ടെന്ന ഡോണൾഡ് ട്രംപിന്റെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി ചൈന. കപ്പലിൽ മിസൈൽ നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളാണെന്ന അമേരിക്കയുടെ വാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്കും ചൈന മറുപടി നൽകി.
ചൈനയിൽ നിന്ന് ഇറാനിലേക്ക് പോയ കപ്പലിൽ മിസൈൽ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ വസ്തുക്കളുണ്ടെന്നായിരുന്നു നിക്കി ഹേലിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ട്രംപും സമാനമായ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ ഈ ആരോപണങ്ങൾ പാടെ നിഷേധിച്ചു. പിടിച്ചെടുത്തത് ഒരു വിദേശ കണ്ടെയ്നർ കപ്പൽ മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത് ദുരുദ്ദേശ്യപരമായ പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്ന ഉത്തരവാദിത്തമുള്ള രാജ്യമാണ് ചൈനയെന്നും അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റുന്നതിൽ തങ്ങൾ എന്നും മാതൃകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇറാൻ-അമേരിക്ക സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് കപ്പലിനെതിരെയുള്ള അമേരിക്കയുടെ ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കപ്പലിലെ ചരക്കുകളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ അമേരിക്കൻ നാവികസേന തയ്യാറായേക്കും.














