വനിതാ സംവരണ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പ്രധാനമന്ത്രിയുടേത് ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പി. സന്തോഷ് കുമാർ എംപിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നൽകിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം നേരത്തെ തയ്യാറാക്കിയ നാടകമാണെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനും ആകാശവാണിയും ദുരുപയോഗം ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം നടത്തിയതെന്ന് സന്തോഷ് കുമാർ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തരമൊരു നടപടി ചട്ടവിരുദ്ധമാണെന്നും കമ്മീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. സംഭവത്തിൽ കമ്മീഷൻ എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് അനിൽ അക്കരയും പ്രധാനമന്ത്രിക്കെതിരെ സമാനമായ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് ചട്ടങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്.













