വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്, ഹർജികൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്, ഹർജികൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ ഐടി കമ്പനിയായ എക്സാലോജിക്കും ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. സമയക്കുറവ് മൂലം കേസ് പരിഗണിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ഹർജികൾ ഇനി ജൂലൈ 7-ന് കോടതി പരിഗണിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനും (SFIO) കേന്ദ്ര സർക്കാരിനും വേണ്ടി അഭിഭാഷകർ ഹാജരാകാതിരുന്നത് അന്ന് വാദം നീട്ടിവെക്കാൻ കാരണമായിരുന്നു. കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് സിഎംആർഎൽ (CMRL) നൽകിയ അപേക്ഷയിൽ ദില്ലി ഹൈക്കോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. കേസിലെ അന്തിമ വാദം ഉടൻ ആരംഭിക്കാനിരിക്കെയാണ് നടപടികൾ വീണ്ടും വൈകുന്നത്. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് സേവനങ്ങളൊന്നും നൽകാതെ മാസപ്പടി ഇനത്തിൽ കോടികൾ കൈപ്പറ്റിയെന്ന ആരോപണത്തെത്തുടർന്നാണ് നിലവിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. കേസ് നിലവിൽ ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Share Email
Top