എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, കേരളം യുഡിഎഫ് ഭരിക്കുമെന്ന് പ്രവചനം, ബംഗാളിലും അസമിലും ബിജെപി, തമിഴ്നാട്ടിൽ ഡിഎംകെ എന്നും എക്സിറ്റ് പോൾ പ്രവചനം

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, കേരളം യുഡിഎഫ് ഭരിക്കുമെന്ന് പ്രവചനം, ബംഗാളിലും അസമിലും ബിജെപി, തമിഴ്നാട്ടിൽ ഡിഎംകെ എന്നും എക്സിറ്റ് പോൾ പ്രവചനം

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ പശ്ചാത്തലത്തിൽ, വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തിൽ ഇത്തവണ ശക്തമായ പോരാട്ടത്തിനൊടുവിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് വിവിധ സർവേകൾ സൂചിപ്പിക്കുന്നു. എൽഡിഎഫ് കടുത്ത മത്സരം കാഴ്ചവെക്കുമെന്നും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ചില സീറ്റുകളിൽ നില മെച്ചപ്പെടുത്തിയേക്കുമെന്നും പ്രവചനങ്ങളുണ്ട്.

ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ. തെരഞ്ഞെടുപ്പ് കാലത്തടക്കം ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കോടതി നടപടികൾക്കും വേദിയായ പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ ഭരണം അവസാനിപ്പിച്ച് എൻഡിഎ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സൂചനകൾ. മാധ്യമ ചർച്ചകളിലും ദേശീയ രാഷ്ട്രീയത്തിലും വലിയ ശ്രദ്ധ നേടിയ സംസ്ഥാനത്ത് പ്രമുഖ ഏജൻസികളായ പി മാർക്ക് (P-MARQ), മാട്രിസ്, പോൾ ഡയറി എന്നിവരുടെ എക്സിറ്റ് പോളുകൾ ഭരണ മാറ്റമാണ് പ്രവചിക്കുന്നത്.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് പുറത്തുവന്ന ഏഴ് എക്സിറ്റ് പോളുകൾ പറയുന്നത്. പീപ്പിൾസ് പൾസ്, പി മാർക്ക് എന്നീ സർവ്വെകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 – 80 സീറ്റുകളാണ് പീപ്പിൾസ് പൾസും പി മാർക്കും പ്രവചിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 18 -24 സീറ്റുകൾ നേടുമെന്നാണ് പീപ്പിൾസ് പൾസിന്‍റെ പ്രവചനം. പി മാർക്കിന്‍റെ സർവ്വെ പ്രകാരം 26 വരെ സീറ്റുകളിൽ വിജയ്‍യുടെ ടിവികെ വിജയിക്കും. അതേസമയം ടൈംസ് നൌ, സിഎൻഎൻ ഫലങ്ങൾ പറയുന്നത് എൻഡിഎ അധികാരത്തിൽ എത്തും എന്നാണ്.

അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം വൻ വിജയത്തോടെ അധികാരം നിലനിർത്തുമെന്ന് പ്രവചനം. ആകെ 126 സീറ്റുകളുള്ള അസം നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് വേണ്ടത്. പ്രമുഖ എക്സിറ്റ് പോൾ ഏജൻസികളെല്ലാം തന്നെ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം കടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. വിവിധ ഏജൻസികളുടെ കണക്കുകൾ പരിശോധിച്ചാൽ എൻഡിഎയുടെ ആധിപത്യം പ്രകടമാണ്. ജെവിസി എക്സിറ്റ് പോൾ എൻഡിഎയ്ക്ക് 88 മുതൽ 101 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, ആക്സിസ് മൈ ഇന്ത്യ 88-100 സീറ്റുകൾ വരെ ഭരണകക്ഷിക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു.

Share Email
Top