ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റത് മുതൽ മുജ്തബ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ഇതുവരെ ഒരു വീഡിയോ സന്ദേശമോ ഓഡിയോ സന്ദേശമോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ പേരിൽ പുറത്തുവരുന്ന പ്രസ്താവനകളെല്ലാം സ്റ്റേറ്റ് ടെലിവിഷൻ അവതാരകർ വായിക്കുകയാണ് ചെയ്യുന്നത്. പരമോന്നത നേതാവിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം പൊതുവേദികളിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.
ഇസ്രായേലും അമേരിക്കയും പിന്തുടരുന്ന ‘ഡീകാപിറ്റേഷൻ പോളിസി’ (ഉന്നത നേതാക്കളെ ലക്ഷ്യം വെച്ചുള്ള വധശിക്ഷാ രീതി) ഇറാനിയൻ ഭരണകൂടത്തിന് വലിയ സമ്മർദ്ദമാണ് നൽകുന്നത്. ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ അതീവ ജാഗ്രത പുലർത്തുന്നതിനാലാണ് നേതാവിനെ രഹസ്യ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്നതെന്ന് ഇറാൻ അനുകൂലികൾ വാദിക്കുന്നു. അതേസമയം, മുജ്തബ ഖമേനി നേരിട്ട് വരാത്തതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്നാണ് അമേരിക്കയുടെ വാദം. ആക്രമണങ്ങളിൽ അദ്ദേഹത്തിന് കഠിനമായി പരിക്കേറ്റിട്ടുണ്ടെന്നും ശരീരം വിരൂപമാക്കപ്പെട്ട അവസ്ഥയിലാണെന്നും അമേരിക്കൻ കേന്ദ്രങ്ങൾ സംശയിക്കുന്നു. അദ്ദേഹം ഭരണകാര്യങ്ങൾ നിയന്ത്രിക്കാൻ പ്രാപ്തനല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.















