തകർന്ന കേന്ദ്രങ്ങളിൽ നിന്ന് ഇറാൻ മിസൈലുകൾ വീണ്ടെടുക്കുന്നു; തിരിച്ചടിക്കാൻ ശേഷിയില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

തകർന്ന കേന്ദ്രങ്ങളിൽ നിന്ന് ഇറാൻ മിസൈലുകൾ വീണ്ടെടുക്കുന്നു; തിരിച്ചടിക്കാൻ ശേഷിയില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിം​ഗ്ടൺ: ബോംബാക്രമണത്തിൽ തകർന്ന കേന്ദ്രങ്ങളിൽ നിന്ന് ഇറാൻ മിസൈലുകളും ലോഞ്ചറുകളും പുറത്തെടുക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ തകർന്ന സൈനിക ശേഷി വീണ്ടെടുക്കാൻ അവർക്ക് സാധിക്കില്ലെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. വ്യാഴാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് ഇറാന്റെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചത്. ഇറാൻ ഭരണകൂടത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, തകർന്നടിഞ്ഞ താവളങ്ങളിൽ നിന്ന് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്ന ഇറാനേക്കാൾ അമേരിക്ക ഇപ്പോൾ എത്രയോ കരുത്തരാണെന്നും അവകാശപ്പെട്ടു.

അവശേഷിക്കുന്ന ലോഞ്ചറുകളും മിസൈലുകളും പുറത്തെടുക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവയ്ക്ക് പകരം പുതിയവ നിർമ്മിക്കാനോ കണ്ടെത്താനോ അവർക്ക് ശേഷിയില്ലെന്ന് ഹെഗ്സെത്ത് ചൂണ്ടിക്കാട്ടി. ഇറാന്റെ പ്രതിരോധ വ്യവസായം പൂർണ്ണമായും തകർന്നതായും സൈനിക ശേഷി പുനരുജ്ജീവിപ്പിക്കാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ വെടിനിർത്തൽ സമയത്ത് ഭൂമിക്കടിയിൽ കുടുങ്ങിക്കിടക്കുന്ന മിസൈൽ ലോഞ്ചറുകൾ പുറത്തെടുക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ സിഎൻഎൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ നിശിതമായ പ്രതികരണം.

Share Email
LATEST
Top