ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രെസ്സിങ് റൂമിൽ ഇ-സിഗരറ്റ് (vape) ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് ബിസിസിഐ പിഴ ശിക്ഷ വിധിച്ചു. മത്സരത്തിനിടെ ഡ്രെസ്സിങ് റൂമിലിരുന്ന് പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ തത്സമയ സംപ്രേഷണത്തിനിടെ ക്യാമറയിൽ പതിയുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുമായി അധികൃതർ രംഗത്തെത്തിയത്.
മത്സര ഫീസിന്റെ 25 ശതമാനമാണ് പിഴയായി നൽകേണ്ടത്. കൂടാതെ താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും നൽകിയിട്ടുണ്ട്. ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 കുറ്റമാണ് പരാഗ് ചെയ്തതെന്ന് മാച്ച് റഫറി അമിത് ശർമ്മ കണ്ടെത്തി. കളിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം (Conduct that brings the game into disrepute) തടയുന്ന ആർട്ടിക്കിൾ 2.21 പ്രകാരമാണ് നടപടി. പരാഗ് കുറ്റം സമ്മതിച്ചതായും ശിക്ഷാ നടപടിക്കെതിരെ അപ്പീൽ നൽകില്ലെന്നും രാജസ്ഥാൻ ടീം മാനേജ്മെന്റ് വ്യക്തമാക്കി.
ഇന്ത്യയിൽ 2019 മുതൽ ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ പരാഗിന്റെ പ്രവൃത്തി അതീവ ഗൗരവത്തോടെയാണ് ബിസിസിഐ കാണുന്നത്. ഐപിഎൽ പോലുള്ള വലിയ വേദികളിൽ ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു. മുമ്പ് ഇതേ സീസണിൽ ടീം മാനേജർ റോമി ഭിന്ദറിനും പെരുമാറ്റച്ചട്ട ലംഘനത്തിന് പിഴ ലഭിച്ചിരുന്നു. സംഭവത്തിൽ രാജസ്ഥാൻ റോയൽസ് ടീമിനോട് ബിസിസിഐ വിശദീകരണം തേടിയിട്ടുണ്ട്.















