പുതുക്കിയ ശുപാർശകളുമായി യുഎസിന് മുന്നിലേക്ക് ഇറാൻ എത്തുന്നു; ടെഹ്റാനിൽ നിർണായക നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്

പുതുക്കിയ ശുപാർശകളുമായി യുഎസിന് മുന്നിലേക്ക് ഇറാൻ എത്തുന്നു; ടെഹ്റാനിൽ നിർണായക നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി പാകിസ്ഥാൻ മധ്യസ്ഥർ രംഗത്ത്. ഇറാൻ സമർപ്പിച്ച ആദ്യ സമാധാന നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളിയതിനെത്തുടർന്ന്, പുതുക്കിയ ശുപാർശകൾ വരും ദിവസങ്ങളിൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ സന്ദർശനം പൂർത്തിയാക്കി ടെഹ്‌റാനിൽ തിരിച്ചെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഭരണനേതൃത്വവുമായി ആലോചിച്ച് പുതിയ കരാറിന് രൂപം നൽകും.

ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ഒളിസങ്കേതം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതിനാൽ അദ്ദേഹവുമായുള്ള ആശയവിനിമയം മന്ദഗതിയിലാണെന്നും ഇത് കരാർ വൈകാൻ കാരണമാകുന്നുണ്ടെന്നും മധ്യസ്ഥ ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സിഎൻഎന്നിനോട് വെളിപ്പെടുത്തി. യുദ്ധം അവസാനിപ്പിച്ച ശേഷം ആണവ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാം എന്ന ഇറാന്റെ ആദ്യ നിലപാട് ട്രംപ് അംഗീകരിച്ചിരുന്നില്ല. പകരം ആണവ വിഷയങ്ങളിൽ വ്യക്തമായ ഉറപ്പ് നൽകിയാൽ മാത്രമേ സമാധാന കരാറിന് തയ്യാറാവൂ എന്ന കർശന നിലപാടിലാണ് അമേരിക്ക.

അതേസമയം, ഇറാൻ ആഭ്യന്തരമായി തകർച്ചയുടെ വക്കിലാണെന്നും നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ടെഹ്‌റാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. അമേരിക്കയ്ക്ക് കൂടി സ്വീകാര്യമായ ഒരു പുതിയ നിർദ്ദേശം ഇറാൻ മുന്നോട്ടുവെച്ചാൽ മാത്രമേ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. ആഗോള എണ്ണ വിപണിയും നയതന്ത്ര ലോകവും വരും ദിവസങ്ങളിലെ ഇറാൻ ഭരണകൂടത്തിന്റെ നീക്കങ്ങൾക്കായി ഉറ്റുനോക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top