വാഷിംഗ്ടൺ: ഇറാൻ കായിക മന്ത്രിയുടെ പിൻമാറ്റ സൂചനകളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികളും നിലനിൽക്കെ, വരാനിരിക്കുന്ന ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. യുദ്ധസാഹചര്യം കണക്കിലെടുത്ത് കളിക്കാൻ കഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, ഇറാൻ ടീം തീർച്ചയായും അമേരിക്കയിൽ എത്തുമെന്ന് ബുധനാഴ്ച നടന്ന ചടങ്ങിൽ ഇൻഫാന്റിനോ ആവർത്തിച്ചു. ഇറാനിയൻ താരങ്ങളുടെ സുരക്ഷയും ജീവനും അപകടത്തിലാകുമെന്ന തരത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
നിലവിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. എന്നാൽ സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ നിരത്തി മത്സരങ്ങൾ മാറ്റാനാവില്ലെന്ന് ഫിഫയും ഇൻഫാന്റിനോയും വ്യക്തമാക്കി. ഇറാൻ താരങ്ങൾക്കും ജീവനക്കാർക്കും പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും ഫിഫ ഭരണകൂടം അറിയിച്ചു. ലോകകപ്പിലെ ഇറാന്റെ സാന്നിധ്യം കായിക ലോകം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ വിഷയം കൂടിയായി മാറിയിരിക്കുകയാണ്.













