ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കാനുള്ള അമേരിക്കയുടെ ഏത് നീക്കവും പരാജയപ്പെടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാനെ ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരാൻ നാവിക ഉപരോധം തുടരാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതിനിടെയാണ് കടുത്ത ഭാഷയിലുള്ള ഈ മുന്നറിയിപ്പ്. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഇത്തരം നടപടികൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനേഴാം നൂറ്റാണ്ടിൽ ഹോർമുസ് കടലിടുക്കിൽ നിന്ന് പോർച്ചുഗീസുകാരെ തുരത്തിയതിന്റെ ഓർമ്മയ്ക്കായി ആഘോഷിക്കുന്ന ‘നാഷണൽ പേർഷ്യൻ ഗൾഫ് ഡേ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമുദ്രപാത ഇറാനിയൻ ജനതയുടെ പ്രതിരോധത്തിന്റെ പ്രതീകമാണെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. നിലവിൽ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുന്നത് ആഗോള ഊർജ്ജ വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്. എന്നാൽ രാജ്യത്തിനകത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നതും കറൻസിയുടെ മൂല്യം ഇടിയുന്നതും ഇറാനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
അതേസമയം, ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് മൊഹ്‌സൻ റെസായിയും അമേരിക്കയ്ക്ക് എതിരെ രംഗത്തെത്തി. ഉപരോധം തുടർന്നാൽ ഇറാൻ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി. അമേരിക്കൻ ഉപരോധവും ഇറാന്റെ തിരിച്ചടിയും മേഖലയെ ഒരു വൻ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. പട്ടിണിയും സാമ്പത്തിക തകർച്ചയും നേരിടുമ്പോഴും വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം.















