ട്രംപിന്റെ വെടിനിര്‍ത്തല്‍ നീട്ടലിനെ തള്ളി ഇറാന്‍: ഇപ്പോഴത്തെ പ്രഖ്യാപനം ആക്രമണത്തിന് വഴിയൊരുക്കാനുള്ള തന്ത്രമെന്ന് ഇറാന്‍

ട്രംപിന്റെ വെടിനിര്‍ത്തല്‍ നീട്ടലിനെ തള്ളി ഇറാന്‍: ഇപ്പോഴത്തെ പ്രഖ്യാപനം ആക്രമണത്തിന് വഴിയൊരുക്കാനുള്ള തന്ത്രമെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നീട്ടല്‍ പ്രഖ്യാപനത്തെ തള്ളി ഇറാന്‍. ഇപ്പോള്‍ ട്രംപ് നടത്തിയ പ്രഖ്യാപനം ആസൂത്രിതമായി ആക്രമണം നടത്താന്‍ വഴിയൊരുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറിന്റെ ഉപദേഷ്ടാവ് പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറും നടത്തിയ അഭ്യര്‍ഥനയാണ് വെടിനിര്‍ത്തല്‍ നീട്ടിവെയ്ക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഇറാന്‍ ഏകോപിതമായ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതുവരെ വെടിനിര്‍ത്തല്‍ നീട്ടുമെന്നായിരുന്നു ബുധനാഴ്ച്ച ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണി്ക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെയാണ് പാക്കിസ്ഥാന്‍ വേഗത്തിലുള്ള ഇടപെടലുകള്‍ നടത്തിയത്.ഇറാന്‍ നേതൃസംഘം ഒരു നിര്‍ദ്ദേശവുമായി വരുന്നതിനുവരെ ആക്രമണം നിര്‍ത്തിവയ്ക്കണമെന്ന് ഷരീഫും മുനീറും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ നീട്ടിവെയ്ക്കല്‍ തീരുമാനം എടുത്തതെന്നു ട്രംപ് പറഞ്ഞു.

സമാധാന ചര്‍ച്ചകള്‍ക്കായുള്ള ശ്രമം തുടരുന്ന പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ അനിശ്ചിതമായി നീട്ടിവെയ്ക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലെ അമേരിക്കന്‍ ഉപരോധം തുടരും. സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാനാണ് വെടിനിര്‍ത്തല്‍ നീട്ടിവെയ്ക്കണമെന്നു ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ്‌ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പോസ്റ്റ് ഇടുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് സിഎന്‍എന്നിനു നല്കിയ അഭിമുഖത്തില്‍ വെടിനിര്‍ത്തല്‍ നീട്ടിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമാധാന കരാര്‍ ആയില്ലെങ്കില്‍ ഇറാനെതിരേ ബോംബ് ആക്രമണം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഇതിനു പിന്നാലെയാണ് ട്രംപ് നിലപാട് മാറ്റിയത്. ഫെബ്രുവരി 28 ന് ആണ് ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനു നേരെ ആക്രമണം ആരംഭിച്ചത്.

ഇറാന്‍ പരമാധികാരി ആയത്തുളള അലി ഖമേനി ഉള്‍പ്പെടെ രാജ്യത്തിന്‍െ പല ഉന്നതരെ വധിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ വലിയ തോതിലുള്ള ബോംബ് ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇറാനുമായുള്ള യുദ്ദം അവസാനിക്കുമെന്നായിരുന്നു ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ വാക്കുകള്‍ ഒന്നും ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തുന്നില്ലെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Iran rejects Trump’s ceasefire extension: Iran says current announcement is a ploy to pave the way for attack

Share Email
LATEST
Top