ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളി ഇറാൻ പ്രസിഡന്റിന്റെ വക്താവ് സയ്യിദ് മുഹമ്മദ് മെഹ്ദി തബതബായി രംഗത്ത്. ട്രംപിന്റേത് അടിസ്ഥാനരഹിതമായ പ്രസ്താവനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കടലിടുക്ക് ഭാഗികമായി തുറന്നുകൊടുത്തത് ഇറാന്റെ സ്വന്തം തീരുമാനമാണെന്നും ഇത് എതിർപക്ഷത്തിന്റെ വാഗ്ദാനങ്ങൾ എത്രത്തോളം സത്യസന്ധമാണെന്ന് പരിശോധിക്കാനുള്ള അവസരം മാത്രമാണെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.
“ഉപാധികളോടെയും പരിമിതമായും ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം തുറന്നുകൊടുത്തത് ഇറാന്റെ മാത്രം മുൻകൈയിലാണ്. മറുപക്ഷം തങ്ങളുടെ വാഗ്ദാനങ്ങളിൽ നിന്ന് പിന്തിരിയുകയാണെങ്കിൽ അവർക്ക് ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും,” തബതബായി മുന്നറിയിപ്പ് നൽകി. ഇറാന്റെ കരുത്തുറ്റ പ്രതിരോധത്തിലൂടെ രാജ്യം കൈവരിച്ച വിജയങ്ങളിൽ അഭിമാനിക്കുന്ന ജനങ്ങളെ അപമാനിക്കാനാണ് ട്രംപിന്റെ പ്രസ്താവനകൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്ക് ഇനി ഒരിക്കലും ഭീഷണിയാവില്ലെന്ന ട്രംപിന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ കടുത്ത പ്രതികരണം. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ഇറാന്റെ നിലപാട് വ്യക്തമാക്കുന്നത്. അമേരിക്കയുടെ ഉപരോധം പൂർണ്ണമായി നീക്കാതെ കടലിടുക്ക് സ്ഥിരമായി തുറന്നുകൊടുക്കില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. നയതന്ത്ര ചർച്ചകൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് തുടരുന്നത് ആഗോള വിപണിയിൽ വീണ്ടും ആശങ്കയുണ്ടാക്കുന്നുണ്ട്.











