ഉപരോധങ്ങൾക്കിടയിലും ഫുട്ബോൾ ലോകകപ്പിന് ഇറാൻ ഒരുങ്ങുന്നു, താരങ്ങളുടെ സുരക്ഷാ ചോദ്യചിഹ്നമെന്ന് ട്രംപിന്റെ പ്രതികരണം

ഉപരോധങ്ങൾക്കിടയിലും ഫുട്ബോൾ ലോകകപ്പിന് ഇറാൻ ഒരുങ്ങുന്നു, താരങ്ങളുടെ സുരക്ഷാ ചോദ്യചിഹ്നമെന്ന് ട്രംപിന്റെ പ്രതികരണം

ടെഹ്റാൻ: അമേരിക്ക ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ തങ്ങളുടെ ദേശീയ ഫുട്ബോൾ ടീം പങ്കെടുക്കാൻ പൂർണ്ണ സജ്ജരാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. ടീമിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കായിക മന്ത്രാലയം ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഇറാന്റെ ഔദ്യോഗിക വക്താവ് ഫാത്തിമ മൊഹാജിറാനി അറിയിച്ചു. ജൂൺ 11 മുതൽ ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിൽ ഇറാൻ പങ്കെടുക്കുമെന്ന് കഴിഞ്ഞ ആഴ്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇറാൻ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്. ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ കളിക്കാരുടെ സുരക്ഷയും ജീവനും വലിയൊരു ചോദ്യചിഹ്നമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാൻ താരങ്ങൾ ടൂർണമെന്റിനെത്തുന്നത് എത്രത്തോളം ഉചിതമായിരിക്കുമെന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു.ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ കായികരംഗത്തെ ഈ നീക്കങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും കായിക മാമാങ്കത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാനാണ് ഇറാന്റെ തീരുമാനം.

ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന 2026 ലോകകപ്പിൽ ഇറാൻ ദേശീയ ടീമിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്നത് വരും ദിവസങ്ങളിൽ ചർച്ചയാകും.

Share Email
LATEST
More Articles
Top