ഹിസ്ബുള്ളയെ ഇല്ലാതാക്കുന്ന ദൗത്യം പൂർത്തിയായിട്ടില്ലെന്ന് നെതന്യാഹു; മുന്നറിയിപ്പുമായി ട്രംപ്, ഇനി ഇത് തുടരാനാവില്ലെന്ന് തുറന്നടിച്ചു

ഹിസ്ബുള്ളയെ ഇല്ലാതാക്കുന്ന ദൗത്യം പൂർത്തിയായിട്ടില്ലെന്ന് നെതന്യാഹു; മുന്നറിയിപ്പുമായി ട്രംപ്, ഇനി ഇത് തുടരാനാവില്ലെന്ന് തുറന്നടിച്ചു

ജറുസലേം: ലെബനനുമായുള്ള 10 ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം, ഹിസ്ബുള്ളയെ പൂർണ്ണമായും തകർക്കുന്ന ദൗത്യം ഇസ്രായേൽ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഇസ്രായേലിന്റെ ലക്ഷ്യങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്ന് അദ്ദേഹം റെക്കോർഡ് ചെയ്ത സന്ദേശത്തിലൂടെ അറിയിച്ചു. “നമ്മുടെ ജോലി ഇനിയും അവസാനിച്ചിട്ടില്ല. അവശേഷിക്കുന്ന റോക്കറ്റ് ഭീഷണികളെയും ഡ്രോൺ ആക്രമണങ്ങളെയും നേരിടാൻ കൃത്യമായ പദ്ധതികളുണ്ട്. ഹിസ്ബുള്ളയെ പൂർണ്ണമായും നിരായുധമാക്കുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം,” നെതന്യാഹു പറഞ്ഞു. അതിർത്തി മേഖലകളിലെ ഭീഷണി പൂർണ്ണമായും ഒഴിവാക്കാതെ പിന്മാറില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

അതേസമയം, ഇസ്രായേലിന്റെ ഈ നിലപാടിനോട് കടുത്ത ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇസ്രായേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്താൻ പാടില്ലെന്നും അത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. “ഇനി ഇത് തുടരാനാവില്ല, എല്ലാം അവസാനിക്കേണ്ട സമയമായി എന്ന് ട്രംപ് കുറിച്ചു. വെടിനിർത്തൽ കരാർ ലംഘിക്കുന്ന നീക്കങ്ങൾക്കെതിരെ അമേരിക്ക കർശന നിലപാട് സ്വീകരിക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കെ ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയും ട്രംപിന്റെ മുന്നറിയിപ്പും മേഖലയിലെ നയതന്ത്ര നീക്കങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

Share Email
LATEST
More Articles
Top