ജപ്പാനിൽ ശക്തമായ ഭൂചലനം: തീരങ്ങളിൽ സുനാമി തിരമാലകൾ അടിച്ചുകയറി

ജപ്പാനിൽ ശക്തമായ ഭൂചലനം: തീരങ്ങളിൽ സുനാമി തിരമാലകൾ അടിച്ചുകയറി

ജപ്പാനിലെ വടക്കൻ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഹോൺഷു ദ്വീപിന് സമീപം കടലിനടിയിൽ ഏകദേശം 25 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനെത്തുടർന്ന് പസഫിക് തീരപ്രദേശങ്ങളിൽ ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകി. ഭൂചലനത്തിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ഭൂകമ്പത്തിന് പിന്നാലെ തീരദേശങ്ങളിൽ ഏകദേശം 80 സെന്റിമീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ അടിച്ചുകയറി. ഇവാത്തെ പ്രവിശ്യയിലെ കുജി തുറമുഖത്താണ് തിരമാലകൾ ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കടൽത്തീരങ്ങളിൽ നിന്നും നദീതീരങ്ങളിൽ നിന്നും മാറി നിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. റോഡുകളിൽ വിള്ളലുകൾ രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. മേഖലയിലെ ആണവനിലയങ്ങളിൽ നിലവിൽ സുരക്ഷാ ഭീഷണികളില്ലെന്ന് അധികൃതർ അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണെന്നും ജപ്പാൻ സർക്കാർ വ്യക്തമാക്കി.

Share Email
Top