ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ച് മാസം പിന്നിടുമ്പോൾ, സൈനിക നടപടി പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേക്കും സംഘർഷത്തിലേക്കും തള്ളിവിടുമെന്ന് കരുതുന്ന അമേരിക്കക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി റോയിട്ടേഴ്സ്/ഇപ്സോസ് സർവ്വേ ഫലം മേഖലയിൽ യുദ്ധം സ്ഥിരത കൊണ്ടുവരുമെന്ന് കരുതുന്നവരുടെ മൂന്നിരട്ടിയാണ് ഇത്തരത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നവർ. ഇറാനിൽ അതിശക്തമായ ആക്രമണം നടത്തുമെന്ന ഭീഷണിയിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും പിന്മാറിയ തിങ്കളാഴ്ചയാണ് ആറ് ദിവസം നീണ്ടുനിന്ന സർവ്വേ പൂർത്തിയായത്.
വേഗത്തിലുള്ള വിജയം പ്രവചിച്ചുകൊണ്ട് ട്രംപ് ആരംഭിച്ച പോരാട്ടം നിലവിൽ കടുത്ത അനിശ്ചിതത്വത്തിലാണ് മുന്നോട്ടു പോകുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ യു.എസിന്റെ സൈനിക നടപടികൾ പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് സർവ്വേയിൽ പങ്കെടുത്ത 50 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. എന്നാൽ യുദ്ധം മേഖലയിൽ കൂടുതൽ സ്ഥിരത കൈവരുത്തുമെന്ന് 17 ശതമാനം പേർ മാത്രമാണ് വിശ്വസിക്കുന്നത്. 16 ശതമാനം പേർ നിലവിലെ അവസ്ഥ തുടരുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 17 ശതമാനം പേർ വ്യക്തമായ മറുപടി നൽകിയില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വർദ്ധിച്ചുവരുന്ന ഇന്ധനവിലയെക്കുറിച്ചും അമേരിക്കക്കാർ കടുത്ത ആശങ്കയിലാണ്. വരുംദിവസങ്ങളിൽ ഇന്ധനവില ഇനിയും മോശമാകുമെന്ന് (വർദ്ധിക്കുമെന്ന്) 58 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, വില കുറയുമെന്ന് 15 ശതമാനം ആളുകൾ മാത്രമാണ് പ്രത്യാശ പ്രകടിപ്പിച്ചത്.

















