പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി 2026-ൽ ഇതുവരെ 74.59 കോടി രൂപ ചെലവായതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. സഞ്ജയ് സിങ്, വി. ശിവദാസൻ എന്നീ എം.പിമാരുടെ ചോദ്യങ്ങൾക്ക് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. മലേഷ്യ, ഇസ്രയേൽ, നോർവേ ഉൾപ്പെടെ 13 രാജ്യങ്ങളാണ് ഈ വർഷം ജൂലൈ വരെ പ്രധാനമന്ത്രി സന്ദർശിച്ചത്. ഇതിൽ നോർവേ യാത്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക (17.46 കോടി രൂപ) ചെലവായത്.
2021 മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ആകെ 557.51 കോടി രൂപ ചെലവഴിച്ചതായും മന്ത്രാലയം വ്യക്തമാക്കുന്നു. 2021-ൽ 36 കോടി, 2022-ൽ 55.82 കോടി, 2023-ൽ 93 കോടി, 2024-ൽ 109 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ വർഷങ്ങളിലെ ചെലവ്. മുൻ വർഷങ്ങളിൽ കഴിഞ്ഞ വർഷത്തെ ഫ്രാൻസ് സന്ദർശനത്തിനാണ് വലിയ തുക (25.59 കോടി രൂപ) വേണ്ടിവന്നത്.
യു.പി.എ. സർക്കാരിന്റെ കാലത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിദേശയാത്രാ ചെലവുകളുടെ കണക്കുകളും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. 2011-ലെ യു.എസ്. യാത്രയ്ക്ക് 10.74 കോടിയും 2013-ലെ റഷ്യൻ യാത്രയ്ക്ക് 9.95 കോടി രൂപയും ചെലവായിരുന്നു. 2024-ൽ റഷ്യ, യുക്രെയ്ൻ, യു.എസ്. തുടങ്ങി 16 രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നതായും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.

















