കറാച്ചി തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് കണ്ടെയ്നറുകൾ, പ്രതിസന്ധി കടുക്കുന്നു, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം ശക്തം

കറാച്ചി തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് കണ്ടെയ്നറുകൾ, പ്രതിസന്ധി കടുക്കുന്നു, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം ശക്തം

കറാച്ചി: ഹോർമുസ് കടലിടുക്കിലെ സമുദ്ര ഉപരോധത്തെത്തുടർന്ന് ഇറാനിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെട്ടതോടെ, കറാച്ചി തുറമുഖത്ത് മൂവായിരത്തോളം ചരക്ക് കണ്ടെയ്നറുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇറാനിലേക്ക് കൊണ്ടുപോകാനായി കറാച്ചി വഴി അയച്ച ഈ കണ്ടെയ്നറുകൾക്ക് നിലവിലെ സാഹചര്യത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കാത്തതിനെത്തുടർന്നാണ് അവിടെ ഇറക്കി വെക്കേണ്ടി വന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി പാകിസ്ഥാനിലൂടെ കരമാർഗ്ഗം ചരക്കുകൾ എത്തിക്കാനുള്ള സാധ്യതകൾ അധികൃതർ തേടുന്നുണ്ട്. ഈ പദ്ധതി പ്രകാരം പാകിസ്ഥാൻ ട്രക്കുകൾ കണ്ടെയ്നറുകൾ അതിർത്തിയിൽ എത്തിക്കുകയും അവിടെ നിന്ന് ഇറാനിയൻ ട്രക്കുകൾ ഏറ്റെടുത്ത് രാജ്യത്തിനുള്ളിലേക്ക് എത്തിക്കുകയും ചെയ്യും.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാൻ വൻതുക ടോൾ ഈടാക്കുന്നതായി സമുദ്ര സുരക്ഷാ വിദഗ്ദ്ധർ വെളിപ്പെടുത്തി. ചൈനയുമായുള്ള ഇടപാടുകൾക്ക് യുവാൻ വഴിയും മറ്റ് രാജ്യങ്ങൾക്ക് ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾ വഴിയുമാണ് പണം നൽകേണ്ടത്. എണ്ണക്കപ്പലുകൾക്ക് ഒരു ബാരലിന് ഒരു ഡോളർ എന്ന നിരക്കിലാണ് പണം ഈടാക്കുന്നത്. ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി പോകുന്ന കപ്പലുകളിൽ നിന്ന് ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് ഇറാൻ സമ്പാദിക്കുന്നത്. മറ്റ് ചരക്കുകൾക്ക് എണ്ണയുടെ മൂല്യത്തിന് ആനുപാതികമായ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.ഇറാന്റെ ഈ വരുമാന മാർഗ്ഗങ്ങളെയും ചരക്ക് വിതരണ ശൃംഖലയെയും തകർക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്ക ഇപ്പോൾ ഉപരോധം കർശനമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി കപ്പലുകൾ അമേരിക്കൻ നാവികസേന തടഞ്ഞു കഴിഞ്ഞു.

ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തിന് പകരം, സമുദ്രപാതകൾ ഉപരോധിക്കുന്നതിലൂടെ ആ രാജ്യത്തിന് മേൽ ശക്തമായ നയതന്ത്ര സമ്മർദ്ദം ചെലുത്താനാണ് അമേരിക്കൻ നീക്കം. അന്താരാഷ്ട്ര ഷിപ്പിംഗ് രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ ഉപരോധം വരും ദിവസങ്ങളിൽ ആഗോള വിപണിയെയും ബാധിച്ചേക്കാം.

Share Email
LATEST
More Articles
Top