പാരീസ്: ഇസ്‌ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ധാരണയാകാതെ പിരിഞ്ഞ സാഹചര്യത്തിൽ, ഇറാൻ-അമേരിക്ക ചർച്ചകൾ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. മേഖലയിലെ സംഘർഷം ഒഴിവാക്കുന്നതിനും നിലവിലുള്ള തെറ്റിദ്ധാരണകൾ നീക്കുന്നതിനും ചർച്ചകൾ തുടരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി.
നിലവിലെ വെടിനിർത്തൽ എല്ലാ കക്ഷികളും കർശനമായി പാലിക്കണമെന്നും ഇതിൽ ലബനനെയും ഉൾപ്പെടുത്തണമെന്നും മാക്രോൺ നിർദ്ദേശിച്ചു. എന്നാൽ ഇറാനുമായുള്ള ചർച്ചകളിൽ ലബനനിലെ സംഘർഷം ഉൾപ്പെടുത്താനാകില്ലെന്നും അത് മറ്റൊരു വിഷയമാണെന്നുമാണ് അമേരിക്കയുടെ നിലപാട്. ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെയും അധിക നികുതികളില്ലാതെയും എത്രയും വേഗം തുറന്നു നൽകണമെന്നും ഇത് ചർച്ചകൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രതിരോധ ദൗത്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഫ്രാൻസും ബ്രിട്ടനും ചേർന്ന് വെള്ളിയാഴ്ച വിവിധ രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസ് വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരുടെ അമിതമായ ആവശ്യങ്ങളും രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവുമാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ മാക്രോണിനോട് പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീഷണിയിലൂടെയും സൈനിക നടപടികളിലൂടെയുമുള്ള നീക്കങ്ങൾ ഗുണകരമാകില്ലെന്നും അത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്നും പെസെഷ്കിയൻ മുന്നറിയിപ്പ് നൽകി. അമേരിക്ക സ്വയം സൃഷ്ടിച്ച പ്രശ്നങ്ങൾ ഇത്തരം നിലപാടുകളിലൂടെ വർദ്ധിക്കുകയാണ് ചെയ്യുകയെന്നും ഇറാൻ വ്യക്തമാക്കി. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഇതോടെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.













