സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള സുവർണ്ണാവസരം രാഷ്ട്രീയ കാരണങ്ങളാൽ നഷ്ടപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ആഹ്വാനം ചെയ്തു. രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം വരുന്ന വനിതകളെ മാറ്റിനിർത്തിയത് വലിയ പാപമാണെന്നും, ആ പാപത്തിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ രാഷ്ട്രീയ കണ്ണിലൂടെ കാണാതെ വികസനത്തിന്റെ ദൃഷ്ടിയിലൂടെ കാണാൻ തയ്യാറാകണമെന്ന് പ്രതിപക്ഷത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തെ ചൊല്ലിയുള്ള ആശങ്കകളിൽ ഗ്യാരണ്ടി നൽകാനും താൻ തയ്യാറാണെന്ന് മോദി വ്യക്തമാക്കി. ഒരു സംസ്ഥാനത്തോടും പക്ഷപാതം കാണിക്കില്ലെന്നും അനീതി ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയ ദിശ തന്നെ മാറ്റിമറിക്കാൻ പോകുന്ന ഈ ബിൽ പാസാക്കുന്നത് വികസന യാത്രയിലെ സുപ്രധാന നിമിഷമായിരിക്കും. സ്ത്രീകളുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിനെ കൂടുതൽ ശാക്തീകരിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
തനിക്ക് രാഷ്ട്രീയ സ്വാർത്ഥതയാണെന്ന് ആരോപിക്കുന്നവർക്ക് മറുപടിയായി, ബില്ലിന്റെ പൂർണ്ണമായ ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാൻ താൻ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. തന്റെ ലക്ഷ്യം ക്രെഡിറ്റ് നേടുകയല്ല, മറിച്ച് സ്ത്രീകൾക്ക് അവരുടെ അവകാശം നേടിക്കൊടുക്കുക എന്നതാണ്. ഇതിനെ എതിർക്കുന്നവർ ദീർഘകാലം അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും, അവർക്ക് രാജ്യത്തെ സ്ത്രീശക്തി ഒരിക്കലും മാപ്പ് നൽകില്ലെന്നും അദ്ദേഹം കടുത്ത ഭാഷയിൽ പറഞ്ഞു.
എല്ലാ മേഖലകളിലും സ്ത്രീകൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അവരെ ഇനിയും കാത്തുനിർത്താനാവില്ല. ഒരുമിച്ച് നിന്ന് ചരിത്രം രചിക്കാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം എംപിമാരോട് അപേക്ഷിച്ചു. രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാകണം ഈ ബില്ലിന്റെ വിജയം. ഒറ്റക്കെട്ടായി സ്ത്രീകളെ ശാക്തീകരിക്കാൻ പ്രവർത്തിക്കുന്നതിലൂടെ മാത്രമേ നവ ഇന്ത്യയെ കെട്ടിപ്പടുക്കാൻ സാധിക്കൂ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.













