അതീവ രഹസ്യ വിവരങ്ങൾ അറിയുന്ന ഉദ്യോഗസ്ഥർ മിസ്സിംഗ്, ദാരുണ കൊലപാതകങ്ങളും; യുഎസിന് വലിയ ആശങ്ക

അതീവ രഹസ്യ വിവരങ്ങൾ അറിയുന്ന ഉദ്യോഗസ്ഥർ മിസ്സിംഗ്, ദാരുണ കൊലപാതകങ്ങളും; യുഎസിന് വലിയ ആശങ്ക

വാഷിംഗ്ടൺ: അമേരിക്കയിലെ അതീവ രഹസ്യ ഗവേഷണ പദ്ധതികളിൽ പ്രവർത്തിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞരെ ലക്ഷ്യമിട്ട് നടക്കുന്ന സംശയാസ്പദമായ മരണങ്ങളും കാണാതാകലുകളും ലോകത്തെ ആശങ്കപ്പെടുത്തുന്നു. ഉയർന്ന സുരക്ഷാ അനുമതിയുള്ള ഉദ്യോഗസ്ഥർ ഒരൊന്നായി കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്യുന്ന പശ്ചാത്തലത്തിൽ, ട്രംപ് ഭരണകൂടം വ്യാപകമായ ഫെഡറൽ അന്വേഷണം ആരംഭിക്കാൻ നിർദ്ദേശം നൽകി. എഫ്ബിഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ ഊർജ്ജ വകുപ്പ്, പ്രതിരോധ വകുപ്പ്, കൂടാതെ വിവിധ പ്രാദേശിക ഏജൻസികളും പങ്കാളികളാണ്.

നാസയുടെ ജെപിഎൽ, ലോസ് അലാമോസ് നാഷണൽ ലബോറട്ടറി, എംഐടി, കാൽടെക് തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ സംഭവങ്ങളുടെ ഇരകൾ. ബഹിരാകാശ പഠന രംഗത്തെ ശ്രദ്ധേയനായ കാൽടെക് ആസ്ട്രോഫിസിസ്റ്റ് കാൾ ഗ്രിൽമെയർ സ്വന്തം വീട്ടുമുൻവശത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത് വലിയ ഞെട്ടലുണ്ടാക്കി. അതേസമയം, ജെപിഎല്ലിലെ ഏറോസ്പേസ് എഞ്ചിനീയറായ മോണിക്ക റെസ 2025-ൽ വനമേഖലയിലേക്കുള്ള ട്രെക്കിംഗിനിടെ കാണാതായെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

റിട്ടയേർഡ് എയർഫോഴ്സ് മേജർ ജനറൽ വില്യം നീൽ മക്കാസ്‌ലൻഡ് ഉൾപ്പെടെയുള്ള ചില ഉന്നത ഉദ്യോഗസ്ഥർ അവരുടെ ഫോണുകളും മറ്റു ഉപകരണങ്ങളും വീട്ടിൽവെച്ച് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായതും സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നു. ഈ സംഭവങ്ങൾ തമ്മിൽ ഏതെങ്കിലും ബന്ധമുണ്ടോയെന്ന് യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, വിവിധ വർഷങ്ങളിൽ നടന്ന ഈ സംഭവങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധമില്ലെന്നാണ് ചില സുരക്ഷാ വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. എന്നിരുന്നാലും, രാജ്യത്തിന്റെ നിർണായക പ്രതിരോധ-ബഹിരാകാശ രഹസ്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തികൾ ഇത്തരത്തിൽ ലക്ഷ്യമാകുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയ്ക്കിടയാക്കുകയാണ്.

Share Email
LATEST excelnclexrn
Top