ഹോർമുസ് കടലിടുക്കിൽ നാടകീയ നീക്കങ്ങൾ; രണ്ട് വിദേശ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു, മൂന്നാമത്തെ കപ്പലും ലക്ഷ്യമിട്ട് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ഹോർമുസ് കടലിടുക്കിൽ നാടകീയ നീക്കങ്ങൾ; രണ്ട് വിദേശ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു, മൂന്നാമത്തെ കപ്പലും ലക്ഷ്യമിട്ട് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന രണ്ട് കൂറ്റൻ കണ്ടെയ്നർ കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ചെ നടന്ന സൈനിക നീക്കത്തിലൂടെ ‘എംഎസ് സി ഫ്രാൻസെസ്ക’ (MSC Francesca), ‘എപ്പാമിനോഡാസ്’ (Epaminodas) എന്നീ കപ്പലുകളാണ് ഇറാൻ സൈന്യം നിയന്ത്രണത്തിലാക്കിയത്. ആവശ്യമായ അനുമതികളില്ലാതെ പ്രവർത്തിച്ചു, നാവിക നിയമങ്ങൾ ലംഘിച്ചു, സിഗ്നൽ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് നടപടി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എംഎസ് സി ഫ്രാൻസെസ്ക.

കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, പിടിച്ചെടുത്ത കപ്പലുകൾ നിലവിൽ ഇറാന്റെ തീരപ്രദേശത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ലൈബീരിയൻ പതാകയേന്തിയ എപ്പാമിനോഡാസ് ഇന്ത്യയിലെ ഗുജറാത്തിലുള്ള മുന്ദ്ര തുറമുഖത്തേക്കും, പാനമ പതാകയേന്തിയ എംഎസ് സി ഫ്രാൻസെസ്ക ശ്രീലങ്കയിലേക്കും പോവുകയായിരുന്നു. കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തതായും കപ്പലിന്റെ ബ്രിഡ്ജ് ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ജീവനക്കാർ സുരക്ഷിതരാണെന്ന് നാവിക സുരക്ഷാ ഏജൻസികൾ അറിയിച്ചു.

ഇതിനിടെ ‘യൂഫോറിയ’ (Euphoria) എന്ന മൂന്നാമതൊരു കപ്പലിനെയും ഇറാൻ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകളുണ്ട്. ഈ കപ്പൽ ഇറാൻ തീരത്ത് പ്രവർത്തനരഹിതമായി കിടക്കുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുമ്പോൾ, കപ്പൽ യുഎഇ തീരത്തേക്ക് നീങ്ങുന്നതായാണ് ട്രാക്കിംഗ് സിഗ്നലുകൾ സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ സുരക്ഷ തങ്ങളുടെ ‘റെഡ് ലൈൻ’ ആണെന്നും നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. മേഖലയിൽ അമേരിക്കൻ ഉപരോധവും ഇറാൻ-അമേരിക്ക സംഘർഷവും നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പലുകൾ പിടിച്ചെടുത്ത നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായേക്കാം.

Share Email
LATEST
More Articles
Top