ഇസ്രായേലും ലെബനനും തമ്മിൽ പത്ത് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഏപ്രിൽ 16 വ്യാഴാഴ്ച രാത്രി ഒമ്പത് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. സമാധാനം പുനഃസ്ഥാപിക്കാനുള്ള ആദ്യപടിയായി ഇതിനെ വിശേഷിപ്പിച്ച ട്രംപ്, ഇരു നേതാക്കളെയും തുടർചർച്ചകൾക്കായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.
ജെഡി വാൻസ്, മാർക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തിൽ സ്ഥിരമായ സമാധാന കരാറിനായി ചർച്ചകൾ തുടരുമെന്ന് ട്രംപ് അറിയിച്ചു. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും നിർണ്ണായകമായ നയതന്ത്ര നീക്കമാണിത്. മേഖലയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും അത് വേഗത്തിൽ സാധ്യമാകുമെന്നും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം സമാധാന നീക്കങ്ങളോട് സഹകരിച്ചില്ലെങ്കിൽ ഇറാനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. ഇതൊരു തുല്യമായ പോരാട്ടമല്ലെന്ന് ഓർക്കണമെന്നായിരുന്നു ഇറാന് അദ്ദേഹം നൽകിയ കർശനമായ സന്ദേശം. ടെഹ്റാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ യുഎസ് സൈന്യം നേരിട്ട് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.













