ചാൾസ് രാജാവിനെ സാക്ഷിയാക്കി ട്രംപിൻ്റെ വൻ പ്രഖ്യാപനം, ഇറാൻ്റെ മോഹം മുളയിലേ നുള്ളും; ‘ഇനി ഒരിക്കലും ഇറാൻ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ല’

ചാൾസ് രാജാവിനെ സാക്ഷിയാക്കി ട്രംപിൻ്റെ വൻ പ്രഖ്യാപനം, ഇറാൻ്റെ മോഹം മുളയിലേ നുള്ളും; ‘ഇനി ഒരിക്കലും ഇറാൻ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ല’

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന് നൽകിയ ഔദ്യോഗിക വിരുന്നിനിടെ ഇറാൻ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യയിലെ യുദ്ധപരിസരത്തിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെ സൈനികമായി ദുർബലമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും ഇറാൻ ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ഭിന്നതകളുടെ പശ്ചാത്തലത്തിൽ, ചാൾസ് രാജാവിനെയും ഈ വിഷയത്തിൽ പരാമർശിച്ചാണ് ട്രംപിന്റെ പ്രസ്താവന.

മിഡിൽ ഈസ്റ്റിൽ ഇപ്പോൾ നിർണായകമായ ചില നടപടികൾ പുരോഗമിക്കുകയാണെന്നും അവ വിജയകരമായി മുന്നേറുന്നുവെന്നും ട്രംപ് പറഞ്ഞു. “നാം സൈനികമായി ശത്രുവിനെ പരാജയപ്പെടുത്തി. ഇറാൻ ഒരു ആണവായുധം വികസിപ്പിക്കുന്നത് അനുവദിക്കില്ല. ഈ വിഷയത്തിൽ ചാൾസ് രാജാവും എന്നോട് യോജിക്കുന്നു,” എന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്റെ സൈനിക ശക്തി കുറഞ്ഞുവെന്ന വിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായത്.

ഹോർമുസ് കടലിടുക്കിലെ സുരക്ഷയും ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട പങ്കാളിത്തവും സംബന്ധിച്ച് അമേരിക്കയും ബ്രിട്ടനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നു. എന്നാൽ ചാൾസ് രാജാവിനെ പരാമർശിച്ച് ട്രംപ് നടത്തിയ ഈ പ്രസ്താവന ബ്രിട്ടീഷ് സർക്കാരിൽ എന്ത് പ്രതിഫലനം ഉണ്ടാക്കുമെന്നത് ശ്രദ്ധേയമാണ്. ഇറാനെതിരായ സൈനിക മുന്നേറ്റങ്ങൾ സമാധാന ചർച്ചകളിൽ അമേരിക്കയ്ക്ക് കൂടുതൽ മുൻതൂക്കം നൽകുമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.

Share Email
Top