വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി താൻ സ്വീകരിച്ച നയതന്ത്ര നീക്കങ്ങളെ വിമർശിക്കുന്ന അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ തന്റെ വിജയങ്ങളെ അംഗീകരിക്കുന്നതിന് പകരം അനാവശ്യമായി വിമർശിക്കാൻ പഴുതുകൾ തേടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ രൂക്ഷപരിഹാസം ചൊരിഞ്ഞത്.
“പരാജയപ്പെട്ട ന്യൂയോർക്ക് ടൈംസിനും വ്യാജവാർത്താ കേന്ദ്രമായ സിഎൻഎന്നിനും ഇപ്പോൾ എന്തുചെയ്യണമെന്ന് അറിയില്ല,” ട്രംപ് തന്റെ കുറിപ്പിൽ പരിഹസിച്ചു. ഇറാൻ വിഷയത്തിൽ തന്നെ വിമർശിക്കാൻ ഇവർ തീവ്രമായി ശ്രമിക്കുകയാണെന്നും എന്നാൽ അതിനുള്ള കാരണങ്ങളൊന്നും ഇവർക്ക് കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “യഥാർത്ഥത്തിൽ മിസ്റ്റർ പ്രസിഡന്റ്, നിങ്ങളുടേത് മികച്ച പ്രവർത്തനമാണെന്ന് പറഞ്ഞ് തങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ എന്തുകൊണ്ടാണ് ഇവർ തയ്യാറാകാത്തത്?” എന്നും ട്രംപ് ചോദിച്ചു.
ഇറാൻ ചർച്ചകളിൽ താൻ കൈവരിച്ച നേട്ടങ്ങൾ മറച്ചുവെക്കാനാണ് ഈ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറന്നതും ലെബനനിലെ വെടിനിർത്തലും തന്റെ നയതന്ത്ര വിജയമായാണ് വൈറ്റ് ഹൗസ് കാണുന്നത്. എന്നാൽ ചർച്ചകളിലെ നിബന്ധനകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മാധ്യമങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. നയതന്ത്ര നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കുമ്പോൾ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.












