ഇറാനിൽ അടിച്ചമർത്തൽ ശക്തം: യുദ്ധം തുടങ്ങിയ ശേഷം 21 പേരെ വധിച്ചു, 4000 പേർ തടവിൽ

ഇറാനിൽ അടിച്ചമർത്തൽ ശക്തം: യുദ്ധം തുടങ്ങിയ ശേഷം 21 പേരെ വധിച്ചു, 4000 പേർ തടവിൽ

ജനീവ: അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാനിൽ ഭരണകൂട വിരുദ്ധർക്കെതിരെയുള്ള നടപടികൾ കടുപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭ. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ കുറഞ്ഞത് 21 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായും നാലായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായും യുഎൻ മനുഷ്യാവകാശ വിഭാഗം (UNHCR) വെളിപ്പെടുത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് ഇറാൻ അധികൃതർ ഈ നടപടികൾ സ്വീകരിക്കുന്നതെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് വ്യക്തമാക്കി.

2026 ജനുവരിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് പേരെയും, പ്രതിപക്ഷ ഗ്രൂപ്പുകളിൽ അംഗത്വമുണ്ടെന്നാരോപിച്ച് പത്ത് പേരെയും, ചാരവൃത്തി കുറ്റം ചുമത്തി രണ്ടുപേരെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഫെബ്രുവരി 28 മുതൽ അയൽരാജ്യങ്ങളുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാലായിരത്തിലധികം പേരെ തടവിലാക്കിയിട്ടുണ്ട്.

അറസ്റ്റിലായ പലരെയും കാണാതാവുകയോ കഠിനമായ പീഡനങ്ങൾക്ക് ഇരയാക്കുകയോ ചെയ്യുന്നതായി ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ ഭീകരത നിലനിൽക്കെ തന്നെ സ്വന്തം ജനതയുടെ അവകാശങ്ങൾ ക്രൂരമായ രീതിയിൽ ഇറാൻ ഭരണകൂടം കവർന്നെടുക്കുന്നത് അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നതാണെന്നും വോൾക്കർ ടർക്ക് പ്രസ്താവനയിൽ പറഞ്ഞു.

Share Email
Top