അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ രണ്ടാം ഘട്ട സമാധാന ചർച്ചകലൂടെ ഭാഗമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വെള്ളിയാഴ്ച രാത്രിയോടെ ഇസ്ലാമാബാദിലെത്തുമെന്നാണ് വിവരം. ചർച്ചകൾക്കായി അമേരിക്കയുടെ സുരക്ഷാ-ലോജിസ്റ്റിക്സ് സംഘം ഇതിനോടകം തന്നെ പാകിസ്ഥാനിൽ നിലയുറപ്പിച്ചിട്ടുണ്ട്. എട്ട് ആഴ്ച പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കാണ് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നത്.
ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ആദ്യഘട്ട ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനെത്തുടർന്ന് വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവുമാണ് രണ്ടാം ഘട്ട ചർച്ചകൾ വൈകാൻ കാരണമായത്. എന്നാൽ, പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ചർച്ചകൾ പുനരാരംഭിക്കാൻ ധാരണയായത്.
മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് നടക്കുന്ന ഈ ചർച്ചകളിൽ വലിയ പ്രതീക്ഷയാണ് ലോകരാജ്യങ്ങൾ വെച്ചുപുലർത്തുന്നത്. യുറേനിയം സമ്പുഷ്ടീകരണവും ഉപരോധങ്ങൾ നീക്കുന്നതുമുൾപ്പെടെയുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ സമവായമുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും പാകിസ്ഥാനിലെത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. മേഖലയിൽ സുസ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കുക എന്നതാണ് പാകിസ്ഥാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.















