ശുഭപ്രതീക്ഷകള്‍ വിളവെടുക്കുന്ന മനസില്‍ ഒത്തിരിയേറെ കൊന്നപ്പൂക്കളുമായി വിഷു എത്തി. നന്മയുടെ ചില്ലയില്‍ ചേക്കേറാനും ഊഷരഭൂമിയില്‍ വസന്തമൊരുക്കാനും ഈ വിഷുക്കാലം നമ്മെ ഏവരേയും പ്രാപ്തരാക്കട്ടെ. ഓര്‍മകളിലെ കൊയ്ത്തുപാട്ടിന്റെയും ഗൃഹാതുരത്വമുണരുന്ന കൈനീട്ടങ്ങളുടെയും പ്രതീക്ഷാ നിര്‍ഭരമായ കണികാണലിന്റെയും തിരതള്ളലിലാണെപ്പോഴും വിഷു സംക്രമം.
ഇപ്പോള്‍ വിഷുക്കണിയൊരുക്കാന്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നപ്പൂക്കള്‍ ഒരുകുടന്ന പൂ ചോദിക്കുന്നവര്‍ക്കു സമ്മാനിക്കുന്നത് നിറവസന്തമാണ്. കറകളഞ്ഞ സ്‌നേഹത്തിന്റെ കൈനീട്ടവും മാനവ സമൃദ്ധിയുടെ കര്‍ണികാരങ്ങളുമായാണ് എന്നും വിഷു എത്തുന്നത്. മഞ്ഞപ്പൂക്കളാല്‍ മന്ദഹസിച്ച്, മാമ്പഴങ്ങളാല്‍ മധുരം പകര്‍ന്ന്, അവധിക്കാലത്തിന്റെ ആഹ്‌ളാദം നിറച്ച് മലയാളി ഓരോ വര്‍ഷവും വിഷു ആഘോഷിക്കുന്നു.
ഗൃഹാതുര സ്മരണകള്‍ അയവിറക്കുന്ന വിഷുപ്പുലരിയില്‍ സൂര്യന്‍ മീനരാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. വിഷുവിന്റെ തലേന്നാള്‍ വിഷുസംക്രമ ദിനമാണ്, പിറ്റേ ദിവസം വിഷുവത്ത്. ‘വിഷുവത്ത്’ എന്നാല്‍ ‘രാപ്പകല്‍ ഒത്ത സമയം’. അഥവാ തുല്യതയോടു കൂടിയത് എന്നര്‍ഥം. ഈ ദിവസം സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരെ വരുന്നു. ഗണിതശാസ്ത്രപരമായ പരിഗണനയാല്‍ കൂടിയാണ് ഈ ദിനം ആഘോഷത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ജ്യോതിശാസ്ത്രപരമായി വിലയിരുത്തുമ്പോള്‍, വിഷു മലയാളിക്ക് സൂര്യോത്സവമാണ്. ഈ വിഷു സമത്വത്തിന്റെ സൂര്യോത്സവത്തിലേയ്ക്ക് ഏവരെയും നയിക്കട്ടെയെന്ന് ആശിക്കുന്നു.
സ്‌നേഹത്തിന്റെ കൈനീട്ടവും സമൃദ്ധിയുടെ കര്‍ണികാരങ്ങളുമായി മേടമാസത്തിലെ ആദ്യ ദിവസമാണ് നാം കാത്തിരിക്കുന്ന വിഷു. അടുത്ത ഒരു വര്‍ഷത്തെ വിഷുഫലത്തെക്കുറിച്ച് നാമോരോരുത്തരും പൂത്തുലഞ്ഞ കണിക്കൊന്ന കണക്കെ പ്രതീക്ഷാനിര്‍ഭരമായ മനസ്സോടെ ചിന്തിക്കുന്ന, വേനല്‍ വിളവെടുപ്പിന്റെ ഉത്സവ വേളയാണിത്.
അതേ, വസന്തത്തിന്റെ വരവറിയിച്ച് വിഷുപ്പക്ഷികളും പാടുകയാണ്. ‘നേര്‍കാഴ്ച’യുടെ മാന്യ വായനക്കാര്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും മനംനിറയുന്ന സന്തോഷത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും വിഷു ആശംസകളും കൈനീട്ടവും…
സ്‌നേഹമനസോടെ
സൈമണ്‍ വളാച്ചേരില്‍
ചീഫ് എഡിറ്റര്‍
Vishu greetings to all beloved readers and well wishers of NERKAZHCHA













