ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ എന്തെങ്കിലും തരത്തിലുള്ള പുരോഗതിയുണ്ടാകണമെങ്കിൽ വാഷിംഗ്ടണിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകണമെന്ന് പാകിസ്ഥാനിലെ ഇറാൻ സ്ഥാനപതി റെസ അമിരി മൊഗദം. ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്രത്തിന്റെ പാത പിന്തുടരാൻ തന്നെയാണ് ഇറാൻ തീരുമാനിച്ചിട്ടുള്ളതെന്നും എന്നാൽ ഇതിലെ വിജയപരാജയങ്ങൾ പൂർണ്ണമായും അമേരിക്കയുടെ നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകളിൽ ഒരു വഴിത്തിരിവാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ അവർ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താൻ തയ്യാറാകണം. ഇറാന്റെ നിലപാടുകൾ വ്യക്തവും യുക്തിസഹവുമാണെന്ന് ലോകത്തിനറിയാം, എന്നാൽ വാഷിംഗ്ടൺ അസ്ഥിരമായ പെരുമാറ്റമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ മുന്നോട്ടുവെച്ച പുതിയ ചർച്ചാ പ്ലാൻ കഴിഞ്ഞ ദിവസങ്ങളിൽ ഇടനിലക്കാർ വഴി അമേരിക്കൻ പ്രതിനിധികൾക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾ ഇപ്പോഴും സജീവമായി തുടരുകയാണ്. മധ്യസ്ഥനെ മാറ്റുന്നതിനെക്കുറിച്ച് ഇറാൻ ആലോചിച്ചിട്ടില്ലെന്നും പാകിസ്ഥാൻ തന്നെ ഈ ദൗത്യം തുടരുമെന്നും മൊഗദം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, ചർച്ചകൾക്കുള്ള ഇറാന്റെ പുതിയ നിർദ്ദേശം അമേരിക്ക എങ്ങനെ സ്വീകരിക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണ്. ഇറാന്റെ ഈ പുതിയ നീക്കം നയതന്ത്ര തലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















