രാഷ്ട്രീയ വൈര്യം മറന്ന് പുതിയ ശൈലിക്ക് തുടക്കമിട്ട് വിജയ്; സ്റ്റാലിനെയും വൈക്കോയെയുമടക്കം സന്ദർശിച്ചു, ഉപദേശം തേടി, സ്നേഹം പങ്കിട്ടു

രാഷ്ട്രീയ വൈര്യം മറന്ന് പുതിയ ശൈലിക്ക് തുടക്കമിട്ട് വിജയ്; സ്റ്റാലിനെയും വൈക്കോയെയുമടക്കം സന്ദർശിച്ചു, ഉപദേശം തേടി, സ്നേഹം പങ്കിട്ടു

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രാഷ്ട്രീയ വൈര്യം മറന്ന് മുതിർന്ന നേതാക്കളെ സന്ദർശിച്ച് വിജയ് പുതിയ കീഴ്വഴക്കം കുറിച്ചു. സഭയിൽ സത്യപ്രതിജ്ഞയ്ക്ക് ശേഷം നേരെ എം.കെ. സ്റ്റാലിന്റെ വസതിയിലെത്തിയ വിജയ്‌യെ ഉദയനിധി സ്റ്റാലിൻ ആലിംഗനം ചെയ്ത് സ്വീകരിച്ചു. സ്റ്റാലിൻ സമ്മാനിച്ച ദ്രാവിഡ രാഷ്ട്രീയ ചരിത്ര പുസ്തകം സ്വീകരിച്ച വിജയ്, തുടർന്ന് വൈക്കോ, അൻപുമണി രാമദാസ് എന്നിവരെയും വസതിയിലെത്തി സന്ദർശിച്ചു.

സഭയിൽ വിജയ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, പ്രതിപക്ഷ നിരയിലിരുന്ന ഉദയനിധി സ്റ്റാലിൻ മുഖം നൽകാതിരുന്നത് ശ്രദ്ധേയമായി. സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നതിനാൽ മന്ത്രി കീർത്തനയുടെ സത്യപ്രതിജ്ഞ വൈകിയത് സഭയിൽ ചെറിയ ആശയക്കുഴപ്പമുണ്ടാക്കി. മുൻഗാമികളെ പോലെ സഗൗരവമായാണ് മുഖ്യമന്ത്രി നിയമസഭയിലെ ആദ്യ ദിനത്തിൽ എത്തിയത്.

അതേസമയം, നിയമസഭയിൽ അണ്ണാഡിഎംകെയിലെ പിളർപ്പ് പൂർണ്ണമായി. ഇ.പി.എസ്, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിൽ രണ്ട് വിഭാഗങ്ങളായാണ് എംഎൽഎമാർ സഭയിലെത്തിയത്. 30 എംഎൽഎമാർ വേലുമണിയെയും 17 പേർ ഇപിഎസിനെയും കക്ഷി നേതാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള കത്തുകൾ നിയമസഭാ സെക്രട്ടറിക്ക് കൈമാറി. ഇത് പാർട്ടിക്കുള്ളിലെ കടുത്ത ഭിന്നത പരസ്യമാക്കി.

നാളെ നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർത്ഥിയായി മുൻ എഐഎഡിഎംകെ നേതാവ് ജെ.സി.ഡി പ്രഭാകർ പത്രിക നൽകി. മൂന്നാം തവണ എംഎൽഎയാകുന്ന പ്രഭാകറിന്റെ പരിചയസമ്പത്ത് സഭാ നടത്തിപ്പിന് ഗുണകരമാകുമെന്ന് ഭരണപക്ഷം വിലയിരുത്തുന്നു. പ്രതിപക്ഷത്തെ കരുനീക്കങ്ങൾക്കിടയിൽ സഭാധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയമായി ഏറെ നിർണ്ണായകമാണ്.

Share Email
LATEST excelnclexrn
More Articles
Top