അധികാരത്തോടുള്ള ആർത്തിയിൽ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി, ഒരു പരാദ രാഷ്ട്രീയ ശക്തിയെന്നും മോദിയുടെ വിമർശനം

അധികാരത്തോടുള്ള ആർത്തിയിൽ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി, ഒരു പരാദ രാഷ്ട്രീയ ശക്തിയെന്നും മോദിയുടെ വിമർശനം

അധികാരത്തോടുള്ള ആർത്തിയിൽ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല പ്രതിസന്ധികളിലും കോൺഗ്രസിനൊപ്പം നിന്ന പാർട്ടിയാണ് ഡിഎംകെയെന്നും അവരെ വഞ്ചിച്ചതിലൂടെ കോൺഗ്രസ് ഒരു പരാദ രാഷ്ട്രീയ ശക്തിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തമിഴ്‌നാട്ടിൽ സ്റ്റാലിനെ തള്ളി വിജയ്‌ക്കൊപ്പം സർക്കാർ രൂപീകരിച്ച കോൺഗ്രസ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ വിമർശനം.

കോൺഗ്രസിന് വഞ്ചിക്കാൻ മാത്രമേ അറിയൂ എന്നും സഖ്യകക്ഷികളെ ദുർബലപ്പെടുത്തി സ്വന്തം നേട്ടം കൊയ്യുന്ന രീതിയാണ് അവരുടേതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിഎംകെയെപ്പോലൊരു പ്രാദേശിക പാർട്ടിയെ കോൺഗ്രസ് കൈവിട്ടത് മറ്റ് രാഷ്ട്രീയ പാർട്ടികൾക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഞ്ചനയുടെ രാഷ്ട്രീയമാണ് കോൺഗ്രസിന്റേതെന്നും ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിന് ഉദാഹരണമാണെന്നും മോദി ആരോപിച്ചു. തങ്ങളെ വിശ്വസിച്ചവരെ പിന്നിൽ നിന്ന് കുത്തുന്ന കോൺഗ്രസ് രീതി സഖ്യകക്ഷികൾക്കിടയിൽ വലിയ അവിശ്വാസത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top