വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയിൽ മുമ്പെങ്ങുമില്ലാത്ത വിധം വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ എണ്ണ ഉപഭോഗ തകർച്ചയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ് ആൻഡ് പി ഗ്ലോബൽ എനർജി തങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ പാദത്തിൽ എണ്ണയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും (പെട്രോൾ, ജെറ്റ് ഇന്ധനം തുടങ്ങിയവ) ആഗോള ആവശ്യം പ്രതിദിനം ഏകദേശം 50 ലക്ഷം ബാരൽ കണ്ട് ഇടിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഈ സാഹചര്യം സാമ്പത്തിക ശാസ്ത്രത്തിലെ “ഡിമാൻഡ് ഡിസ്ട്രക്ഷൻ” അഥവാ ആവശ്യകതയുടെ തകർച്ച എന്ന അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ധനവില താങ്ങാനാവാത്ത വിധം വർദ്ധിക്കുമ്പോൾ, സാധാരണക്കാരായ ഉപഭോക്താക്കളും വലിയ ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ ഉപയോഗം നിർബന്ധപൂർവ്വം കുറയ്ക്കുന്ന രീതിയാണിത്. പല രാജ്യങ്ങളിലും ഇന്ധനം ലഭ്യമല്ലാത്ത അവസ്ഥ നിലനിൽക്കുന്നതിനാൽ ഗതാഗതവും വ്യവസായങ്ങളും സ്തംഭനാവസ്ഥയിലാണ്.
മറ്റൊരു പ്രധാന വെല്ലുവിളി പലയിടങ്ങളിലും ആരംഭിച്ചിരിക്കുന്ന ഇന്ധന റേഷനിംഗ് ആണ്. ഉയർന്ന വില നൽകാൻ തയ്യാറുള്ളവർക്ക് പോലും ഇന്ധനം ലഭ്യമാകാത്ത വിധം വിതരണ ശൃംഖലകൾ താറുമാറായിരിക്കുന്നു. യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന പാതകൾ അടഞ്ഞു കിടക്കുന്നതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്പിനെയുമാണ് ഈ ഊർജ്ജ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കാനോ വിതരണ പാതകൾ തുറക്കാനോ സാധിച്ചില്ലെങ്കിൽ ലോകം കൂടുതൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.















